സി ഒ ടി നസീര്‍ വധശ്രമ കേസിലെ മുഖ്യ ആസൂത്രകരിലൊരാള്‍ കോടതിയില്‍ കീഴടങ്ങി
കാവുംഭാഗം സ്വദേശി ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി മിഥുന്‍ (30) ആണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്.
തലശ്ശേരി: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകരിലൊരാളായ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി.
കാവുംഭാഗം സ്വദേശി ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി മിഥുന്‍ (30) ആണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്. അഡ്വ. എന്‍ ആര്‍ ഷാനവാസ് മുഖേനയാണ് പ്രതി കീഴടങ്ങാനെത്തിയത്. കീഴടങ്ങിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ജൂണ്‍ 14ന് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. മൊയ്തു കൂടി കീഴടങ്ങിയതോടെ നസീര്‍ വധശ്രമ കേസില്‍ ഇതുവരെ 10 പ്രതികള്‍ റിമാന്‍ഡിലായി.
മെയ് 18ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്. ഗുരുതര പരിക്കേറ്റ നസീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം ഇപ്പോള്‍ തലശ്ശേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. തന്നെ അക്രമിക്കാന്‍ ഗുഢാലോന നടത്തിയത് എ എന്‍ ഷംസീര്‍ എംഎല്‍എയാണെന്നും സംഭവത്തില്‍ നാലു സിപിഎം ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ക്ക് പങ്കുണ്ടെന്നും നസീര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.