ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. നരേന്ദ്രമോദി നാണംകെട്ട പ്രധാനമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ 40 എംഎല്‍എമാര്‍ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിനുള്ള മമതയുടെ മറുപടി. തിരഞ്ഞെടുപ്പ് കാലത്ത് മോദി കുതിരകച്ചവടം നടത്തുകയാണെന്നും മമത ആരോപിച്ചു. മോദിയുടെ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ നാമനിര്‍ദേശ പത്രിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭദ്രേശ്വറിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് മോദിയ്‌ക്കെതിരെ മമത ആഞ്ഞടിച്ചത്. ഇന്നലെ പ്രധാനമന്ത്രി ഇവിടെ വന്ന് 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹവുമായി സംസാരിച്ചെന്നും ബിജെപിയില്‍ ചേരാമെന്നും പറഞ്ഞു. അയാളൊരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കുതിക്കച്ചവടത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി. ഇത്തരത്തിലൊരാളുടെ നാമനിര്‍ദേശ പത്രിക റദ്ദ് ചെയ്യണം- മമത ബാനര്‍ജി പറഞ്ഞു.