ഡല്‍ഹിയില്‍ നിന്ന് ബിരുദം, യശോദ ബെന്‍ ഭാര്യ, ഭാര്യയുടെ ജോലിയെക്കുറിച്ച് അറിയില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകെ ആസ്തി 2.5 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്വന്തമായി വീട്, ഭാര്യ യശോദാ ബെന്‍. വാരണാസിയിലെ ബിജെപി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദി ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത് 1983ല്‍. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 1978ല്‍ ബിരുദം നേടി. 1967ലാണ് എസ്എസ്‌സി പരീക്ഷ പാസായത്. യശോദ ബെന്‍ ഭാര്യയാണെന്നും ഭാര്യയുടെ ജോലിയെ കുറിച്ചും ഭാര്യയുടെ വരുമാന സ്രോതസ്സിനെ കുറിച്ചു അറിയില്ലെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
1.27 കോടി രൂപയാണ് ബാങ്കില്‍ മോദിയുടെ അക്കൗണ്ടിലുള്ളത്. മോദിയുടെ ആകെ ആസ്തി 2.51 കോടിയാണ്. ഇതില്‍ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ നേരം മോദിയുടെ കയ്യിലുണ്ടായിരുന്നത് 38,750 രൂപയാണ്. മോദിയുടെ പേരില്‍ 1.9 ലക്ഷത്തിന്റെ എല്‍ഐസി പോളിസിയുണ്ട്. സേവിങ് അക്കൗണ്ടിലെ ബാലന്‍സ് 4,143 രൂപയാണ്. നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതിന്റെ മൂല്യം 1.13 ലക്ഷം രൂപയാണ്. ഗാന്ധിനഗറിലെ വീട് 3,531 സ്‌ക്വയര്‍ഫീറ്റാണ്. ഇതിന് വരുന്ന ആകെ മൂല്യം 1.1 കോടി രൂപയാണ്. തന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലുമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. രണ്ടാം തവണയാണ് മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത്. 2014ലെ സത്യവാങ്മൂലത്തില്‍ 1.65 കോടി രൂപയായിരുന്നു മോദിയുടെ ആകെ ആസ്തി.