സൈനികരുടെ ചിത്രം പ്രചാരണത്തിന്; ബിജെപിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
ജയ്പൂര്‍: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാജസ്ഥാനില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനീകരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനാണ് ബിജെപി എംപി രാംചരണ്‍ ബൊഹ്‌റ, കോണ്‍ഗ്രസ് നേതാവ് സുനില്‍ ശര്‍മ്മ എന്നിവര്‍ക്ക്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.
സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട ജയ്പൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസ്, പ്രചാരണ പരിപാടിക്കായി ഉപയോഗിച്ച ചെലവ് വിവരങ്ങളുള്‍പ്പടെ മൂന്ന് ദിവസത്തിനകം കമ്മീഷന് മുമ്പാകെ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സൈനികനും പ്രധാനമന്ത്രിയും ചേര്‍ന്നുള്ള ഒരു പോസ്റ്ററായിരുന്നു ബിജെപി പുറത്തിറക്കിയിരുന്നത്. 'ഞങ്ങള്‍ പാകിസ്താനില്‍ ചെന്ന് തീവ്രവാദികളെ കൊന്നു' എന്ന തലക്കെട്ടോടെ ആണ് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. നേരത്തെ, സൈന്യത്തെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.