ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് എസ്ഡിപിഐ പിന്തുണ
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പിന്തുണ അറിയിച്ചത്. കേന്ദ്രത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ ഭരണത്തില്‍ തിരിച്ചെത്തുന്നത് തടയാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.
വിജയവാഡ: ആന്ധ്രാ പ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി(ടിഡിപി)ക്ക് എസ്ഡിപിഐ ഉപാധികളോടെ പന്തുണ പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പിന്തുണ അറിയിച്ചത്. കേന്ദ്രത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ ഭരണത്തില്‍ തിരിച്ചെത്തുന്നത് തടയാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.
ചില ഉപാധികള്‍ മുന്നില്‍ വച്ചാണ് ടിഡിപിക്ക് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അറിയിച്ചു. കര്‍ണൂല്‍ ലോക്‌സഭാ മണ്ഡലം ഒഴികേയുള്ള എല്ലായിടത്തും ടിഡിപിക്ക് പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. വരും തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുമായി ടിഡിപി സഖ്യമുണ്ടാക്കരുതെന്നാണ് എസ്ഡിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ഭരണത്തിലും സംസ്ഥാന ബജറ്റിലും ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ അവസരം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ന്യൂനപക്ഷ-ദലിത് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ടിഡിപി പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഇടപെടണമെന്നും എസ്ഡിപിഐ മുന്നോട്ട് വച്ച ഉപാധികളില്‍ പറയുന്നു. എസ്ഡിപിഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉപാധികള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പ് നല്‍കിയതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, ദേശീയ നിര്‍വാഹക സമിതി അംഗം അഫ്‌സര്‍ പാഷ, ആന്ധ്രാ പ്രദേശ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ്, ജി എസ് അബ്ദുല്ല ഖാന്‍, പോപുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ആരിഫ്, സംസ്ഥാന പ്രസിഡന്റ് മൗലാന സുബ്ഹാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
തെലുഗു ദേശം പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ തെലങ്കാനയിലേത് പോലെ മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു സമുദായത്തിന് പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തു.
നിലവില്‍ നായിഡു രണ്ടു ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഒരാള്‍ കാപു സമുദായത്തില്‍നിന്നും മറ്റൊരാള്‍ പിന്നാക്ക സമുദായത്തില്‍നിന്നുള്ളയാളുമാണ്. തെലങ്കാനയില്‍ ഒരു ദലിതും ഒരു മുസ്‌ലിമുമാണ് ഉപമുഖ്യമന്ത്രിമാര്‍. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.