താമര ചിഹ്നത്തില്‍ മല്‍സരിക്കില്ല; യുപിയില്‍ ബിജെപി സഖ്യകക്ഷി മോദിക്കെതിരേ മല്‍സരിക്കും
ലഖ്‌നൗ: തിരഞ്ഞെടുപ്പില്‍ ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് കാരണം ബിജെപി സഖ്യകക്ഷി ഒറ്റയ്ക്ക് മല്‍സരിക്കും. അതും നരേന്ദ്രമോദിക്കെതിരേയും രാജ്‌നാഥ് സിങ്ങിനെതിരേയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യാണ് വിവിധ മണ്ഡലങ്ങളിലായി തനിച്ച് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് കാരണമാണ് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതെന്ന് എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് പറഞ്ഞു. സംസ്ഥാനത്തെ 39 ലോക്‌സഭ മണ്ഡലങ്ങളിലും പാര്‍ട്ടി മല്‍സരിക്കുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പ്രഖ്യാപിച്ചു.
ബിജെപി അപ്നദളിന് രണ്ട് സീറ്റ് നല്‍കിയെങ്കിലും എസ്ബിഎസ്പിക്ക് ഒരു സീറ്റ് പോലും നല്‍കിയില്ല. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 125 നിയോജകമണ്ഡലങ്ങളിലും എസ്ബിഎസ്പിക്ക് സ്വാധീനമുണ്ട്. അതിനാല്‍ തന്നെ വിവിധ മണ്ഡലങ്ങളിലായി തനിച്ച് മല്‍സരിക്കാന്‍ പോകുകയാണെന്നും ഓം പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ബിജെപി ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ബിജെപിയുടെ താമര ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന നിര്‍ദ്ദേശം വച്ചതോടെ വാഗ്ദാനം തിരസ്‌കരിക്കുകയായിരുന്നു. എസ്ബിഎസ്പിയെ തുടച്ച് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വാരാണസി മണ്ഡലത്തില്‍ മോദിക്കെതിരെ സിദ്ദാര്‍ത്ഥ് രാജ്ഭറും ലഖ്‌നൗവില്‍ രാജ് നാഥ് സിംഗിനെതിരെ ബബന്‍ രാജ്ഭറുമാണ് മല്‍സരിക്കുക. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമാണ് രാജ്ഭര്‍.