വോട്ടർപട്ടികയിലെ ക്രമക്കേട്; ആറ്റിങ്ങലിൽ ഇരട്ടവോട്ടുള്ള നിരവധിപേരുണ്ടെന്ന് ജില്ലാ കലക്ടർ
പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പരാതിക്കിടെ പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ കലക്ടർ കെ വാസുകി. ആറ്റിങ്ങലിൽ ഇരട്ട വോട്ടുള്ള വോട്ടർമാരുണ്ടെന്ന് അവർ പറഞ്ഞു. പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു. നാളെയാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായും അവർ അറിയിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണവുമായി യുഡിഎഫ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഒരുലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആരോപിച്ചു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും അടൂർ പ്രകാശ് പരാതിയും നൽകിയിരുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ഇതുപയോഗിച്ച് ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടർപട്ടികയിലെ പേജുകളും അടൂർ പ്രകാശ് പുറത്തുവിട്ടു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നും അടൂര്‍ പ്രകാശ് പറയുന്നു.