ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ ലിസ്റ്റിൽ വ്യാപക ക്രമക്കേടെന്ന് പരാതി
യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണവുമായി യുഡിഎഫ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നേമം അസംബ്ലി മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം എൽഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ വ്യാപക ക്രമക്കേട് നടന്നതായി യുഡിഎഫ് ആരോപണം. ഒരുലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയിൽ കാർഡുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും അടൂർ പ്രകാശ് പരാതി നൽകി.
ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ഇതുപയോഗിച്ച് ഒന്നിലേറെ തവണ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടർപട്ടികയിലെ പേജുകൾ അടൂർ പ്രകാശ് പുറത്തുവിട്ടു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നും അടൂര്‍ പ്രകാശ് പറയുന്നു. അതേസമയം, സ്ഥാനാർഥിയുടെ കേസുകൾ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചില്ലെന്ന എൽഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു.