മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേവാലയങ്ങളിലെ ആരാധനാക്രമം പരിമിതപ്പെടുത്തി; വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

Update: 2021-04-01 17:44 GMT
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേവാലയങ്ങളിലെ ആരാധനാക്രമം പരിമിതപ്പെടുത്തി; വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്

കോന്നി: ദുഃഖ വെള്ളി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയില്‍ സന്ദര്‍ശനം നടത്തുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. യേശുദേവന്‍ കുരിശില്‍ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പകല്‍ മുഴുവനും ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥന നടത്തുകയാണ് വിശ്വാസ സമൂഹം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകാനും അവകാശമുണ്ട്. എന്നാല്‍ ഭക്ത്യാദരവോടെ വിശ്വാസി സമൂഹം നോക്കി കാണുന്ന ദുഃഖവെള്ളി ദിനത്തില്‍ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതിലൂടെ ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്. വാഹന ഗതാഗതം തടസ്സപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പള്ളികളിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദുഃഖ വെളളി ദിനത്തിലെ ആരാധനാക്രമത്തിന്റെ പ്രധാന ഭാഗമായ ''കുരിശിന്റെ വഴി' നടത്തരുതെന്നും രാവിലെ പത്തര മണിക്ക് ശേഷം വിശ്വാസികള്‍ ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിര്‍ദേശം പ്രതിഷേധാര്‍ഹമാണെന്ന് അടൂര്‍ പ്രകാശ് വിശദീകരിച്ചു.

Tags:    

Similar News