ലോക്‌സഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 24, 86,705 വോട്ടര്‍;എറണാകുളത്ത്1108 ഉം ചാലക്കുടിയില്‍1182 ഉം പോളിംഗ് സ്‌റ്റേഷനുകള്‍
12,21, 232 പേര്‍ പുരുഷന്മാരും 12, 65,458 പേര്‍ സ്ത്രീകളുമാണ്. 15 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരും ഉണ്ട്. ചാലക്കുടി മണ്ഡലത്തില്‍ 1182 ഉം എറണാകുളം മണ്ഡലത്തില്‍ 1108 ഉം പോളിങ്ങ് ബൂത്തുകളാണുള്ളത്. കൂടാതെ 10 മാതൃക പോളിങ്ങ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലവരണാധികാരികൂടിയായ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 24, 86,705 വോട്ടര്‍മാരാണ് എറണാകുളം ജില്ലയിലുള്ളത്. ഇതില്‍ 12,21, 232 പേര്‍ പുരുഷന്മാരും 12, 65,458 പേര്‍ സ്ത്രീകളുമാണ്. 15 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരും ഉണ്ട്. ചാലക്കുടി മണ്ഡലത്തില്‍ 1182 ഉം എറണാകുളം മണ്ഡലത്തില്‍ 1108 ഉം പോളിങ്ങ് ബൂത്തുകളാണുള്ളത്. കൂടാതെ 10 മാതൃക പോളിങ്ങ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും വോട്ടര്‍മാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാന്‍ വരാനും പുറത്തിറങ്ങാനും പ്രത്യേകം വഴികള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പുകള്‍, കുടിവെള്ളം,വൈദ്യുതി, ഫര്‍ണിച്ചറുകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവയും എല്ലാ പോളിങ്ങ് ബൂത്തുകളിലും ഒരുക്കികഴിഞ്ഞു. ഇതിന് പുറമെ മഴയും വെയിലും കൊള്ളാതെ കയറിനില്‍ക്കാനുള്ള സൗകര്യം. കനത്തവെയിലില്‍ തളരാതിരിക്കാന്‍ സംഭാരം, മോരുംവെള്ളം തുടങ്ങിയവ നല്‍കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പാടാക്കും.
മാതൃക പോളിംഗ് ബൂത്തുകളില്‍ വയോധികര്‍ക്കും കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കള്‍ക്കും വിശ്രമിക്കാനുള്ള പ്രത്യേകം സൗകര്യം, ടോക്കണ്‍, ഭക്ഷണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 10,000 പേരാണ് ജില്ലയില്‍ ഇത്തരത്തിലുള്ളത്. ഇതില്‍ 90 ശതമാനം പേരുടെയും വീടുകളില്‍ പോയി അവരുടെ സ്ഥിതി മനസിലാക്കി വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ജിപിഎസ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഈ വ്യക്തികള്‍ക്ക് പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍ വാഹനം കിട്ടിയോ, സുഗമമായി വോട്ട് ചെയ്യാന്‍ കഴിഞ്ഞോ, സുരക്ഷിതമായി തിരിച്ച് വീട്ടിലെത്തിച്ചോ തുടങ്ങിയ കാര്യങ്ങള്‍ ജിപിഎസ് സംവിധാനം വഴി നിരീക്ഷിക്കും.
ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കളമശേരി പോളിടെക്‌നികിലും എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കുസാറ്റിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്ങ് ബ്ലോക്കിലുമായിരിക്കും. മെയ് 23 നാണ് വോട്ടെണ്ണല്‍. ഒരു മാസം സമയമുള്ളതിനാല്‍ അതീവ സുരക്ഷയിലാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നത്. ജില്ലയില്‍ 21 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിട മുഴുവന്‍ സമയവും വെബ് കാമറ നിരീക്ഷണത്തിലായിരിക്കും. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഈ ബൂത്തുകളിലെ ഓരോ നിമിഷവും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഇവിടെ മോക് പോളിങ്ങ് നടത്തിക്കഴിഞ്ഞു.മുന്നറിയിപ്പ് പ്രകാരം 1558 ആയുധനങ്ങള്‍ സബ്മിറ്റ് ചെയ്തു. ഇനി 150 ഓളം ആയുധനങ്ങള്‍ തിരികെ നല്‍കാനുണ്ട്. 14052 ഉദ്യോഗസ്ഥരാണ് എറണാകുളം, ചാലക്കുടി ലോകസഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
സാമ്പത്തികമായ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിന് സ്‌ക്വാഡുകളായി തിരിഞ്ഞ് നിരീക്ഷണം നടത്തിയിട്ടുണ്ട്. സുവിധ എന്ന ആപ്പ് വഴിയാണ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അനുവാദം നല്‍കിയിരുന്നത്. 69999 പോസ്റ്ററുകളും ബാനറുകളുമെല്ലാം കഴിഞ്ഞദിവസം നീക്കം ചെയ്തു. 832 ചുമരെഴുത്തുകള്‍, 61243 പോസ്റ്ററുകള്‍, 3644 ബാനറുകള്‍, 4280 കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്തു. സോഷ്യല്‍ മീഡിയയിലെ കാംപയിനുകള്‍, ഓണ്‍ ലൈന്‍ പോര്‍ട്ടലുകള്‍,എഫ്എം റേഡിയോ, ലോക്കല്‍ മാധ്യമങ്ങള്‍ എന്നിവയെ കര്‍ശനമായി നിരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ ചാലക്കുടിയില്‍ മൂന്നും എറണാകുളത്ത് 10 ഉം പെയ്ഡഡ് ന്യൂസുകള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കികഴിഞ്ഞിട്ടുണ്ട്.