പൊതിച്ചോറിലും രാഷ്ട്രീയം; പരാതി നൽകിയ യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം

എൽഡിഎഫ് സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടീ ഷർട്ടിട്ട് വോട്ടു ചോദിച്ചാണ് പൊതിച്ചോർ വിതരണമെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരേ വിമർശനം ഉയർന്നിട്ടുണ്ട്.

Update: 2019-04-14 11:21 GMT

കൊല്ലം: ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്നതിലും രാഷ്ട്രീയം കലർത്തുന്ന സിപിഎം- ഡിവൈഎഫ്ഐ സമീപനത്തിനെതിരേ വ്യാപക പ്രതിഷേധം.  തിരഞ്ഞെടുപ്പ് ആയതോടെ എൽഡിഎഫ്  സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടീ ഷർട്ടുമിട്ട് വോട്ടു ചോദിച്ചാണ് പൊതിച്ചോർ വിതരണമെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരേ വിമർശനം ഉയർന്നിട്ടുണ്ട്.

കൊല്ലത്ത് ഡിവൈഎഫ്ഐ ആശുപത്രികളില്‍ നടത്തുന്ന പൊതിച്ചോര്‍ വിതരണം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെട്ടാണ് പരാതി നല്‍കിയതെന്നാണ് എൽഡിഎഫ് ആരോപ്പിക്കുന്നത്. എന്നാൽ പൊതിച്ചോർ വിതരണത്തിന്റെ മറവിൽ വോട്ടുപിടുത്തം നടത്തിയതാണ് പരാതിക്ക് പിന്നിലെന്ന് യുഡിഎഫ് പറയുന്നു. പരാതിയെ അനുകൂലിയും പ്രതികൂലിച്ചും പ്രതികരണം ഉയർന്നതോടെയാണ് വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായത്. രോഗികളിൽ ചിലർ പ്രേമചന്ദ്രനെതിരെ പ്രതിഷേധിച്ചിരുന്നു. പൊതിച്ചോറിനെതിരേ പരാതി നൽകിയ പ്രേമചന്ദ്രൻ പകരം ചോറ് നൽകുമോയെന്നും ഇവർ ചോദിക്കുന്നു. എന്നാൽ വോട്ടു പിടിക്കാനുള്ള വേദിയായി പൊതിച്ചോർ വിതരണം മാറിയെന്ന ആരോപണവും ശക്തമാണ്.

അതിനിടെ, ഈ വിഷയം തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരായ പ്രചരണ ആയുധമാക്കാനാണ് എൽഡിഎഫ് നീക്കം. പാവപ്പെട്ടവരുടെ അന്നം മുടക്കി വേണോ രാഷ്ട്രീയപ്പക തീർക്കേണ്ടതെന്ന് എൻ കെ പ്രേമചന്ദ്രൻ ചിന്തിക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പ്രതികരിച്ചു. ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതുച്ചോറു വിതരണം തടയാനുള്ള ശ്രമം ദൗർഭാഗ്യകരമാണ്. കഷ്ടിച്ച് അഞ്ചുകൊല്ലത്തെ യുഡിഎഫ് ബാന്ധവം കൊണ്ട് പ്രേമചന്ദ്രന് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്?. സർക്കാരാശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും പൊതുച്ചോറു കൊടുത്താൽ വോട്ടു കിട്ടുമെങ്കിൽ എന്തുകൊണ്ടാണ് പ്രേമചന്ദ്രൻ ആ മാർഗം പിന്തുടരാത്തതെന്നും മന്ത്രി ചോദിച്ചു.

വിദ്യാർത്ഥികാലം മുതൽ പിന്തുടർന്ന ഇടതുരാഷ്ട്രീയം ഒരു തരിമ്പെങ്കിലും ചോരയിലുണ്ടെങ്കിൽ ഡിവൈഎഫ്ഐയുടെ ചോറുപൊതി വിതരണം തടയണമെന്നാവശ്യപ്പെട്ടു നൽകിയ പരാതി പിൻവലിക്കണം. ആ പൊതി കാത്തിരിക്കുന്നവരിൽ താങ്കൾക്ക് വോട്ടു ചെയ്യുന്നവരുമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

പാവങ്ങളുടെ സങ്കടവും വിശപ്പും കണ്ണീരുമൊന്നുമല്ല യുഡിഎഫിന്‌ പ്രശ്നമെന്ന് സിപിഎം നേതാവ് എം വി ജയരാജനും പ്രതികരിച്ചു. പാവപ്പെട്ട രോഗികൾക്ക്‌ പൊതിച്ചോറുകൾ വിതരണം ചെയ്തുവന്നിരുന്നത്‌ നിർത്തിക്കാൻ പരാതി നൽകിയത്‌ ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തുന്നതിലും യുഡിഎഫ്‌ സംഘപരിവാറിനോട്‌ മൽസരിക്കുന്നതിന്റെ വ്യക്തത തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News