രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയാത്ത ബജറ്റ്: എന്‍ കെ പ്രേമചന്ദ്രന്‍ എംപി
ധനകമ്മി 3.3 ശതമാനമായി നിലനിര്‍ത്തി 7 ശതമാനം വളര്‍ച്ചാനിരക്ക് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കൈവരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ സംബന്ധിച്ചുപോലും വ്യക്തത വരുത്താന്‍ കഴിയാത്ത ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2020-21 ലെ പൊതുബജറ്റെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നോമിനല്‍ ജിഡിപി വളര്‍ച്ചാനിരക്ക് 10 ശതമാനമായിരിക്കുമെന്ന് പറയുമ്പോഴും യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് എത്രയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലെ ജിഡിപി വളര്‍ച്ചാനിരക്കിനെ ആശ്രയിക്കാന്‍ ബജറ്റില്‍ മന്ത്രി തയ്യാറാവാതിരുന്നത് സാമ്പത്തിക സര്‍വേയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്നു.
ധനകമ്മി 3.3 ശതമാനമായി നിലനിര്‍ത്തി 7 ശതമാനം വളര്‍ച്ചാനിരക്ക് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കൈവരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമാണ്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ആപല്‍കരമാണ്. രാജ്യത്തിന്റെ പൊതുതാല്‍പര്യം വിസ്മരിച്ചുകൊണ്ടുള്ള സമ്പൂര്‍ണസ്വകാര്യവല്‍ക്കരണത്തിലേക്കാണ് ബജറ്റ് ലക്ഷ്യംവയ്ക്കുന്നത്. നൂറുശതമാനം യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.