ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് മുതല്‍; ഇന്ധന നികുതിക്കെതിരേ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധന വിലയില്‍ ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാവും പ്രതിഷേധം. നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ ഭരണപക്ഷത്തും എതിര്‍സ്വരങ്ങളുള്ളതിനാല്‍ അത് മുതലെടുക്കാനാണ് പ്രതിപക്ഷശ്രമം. മറ്റന്നാള്‍ ചര്‍ച്ചയ്ക്കുള്ള ധനമന്ത്രിയുടെ മറുപടിയിലാവും നിര്‍ദേശങ്ങളില്‍ ഇളവും കൂട്ടിച്ചേര്‍ക്കലുകളും പ്രഖ്യാപിക്കുക.
ഇന്ധന നികുതിയില്‍ ഒരു രൂപയെങ്കിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. സഭയ്ക്ക് അകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളുടെ തീവ്രത വിലയിരുത്തിയാവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം. ബഫണ്‍ സോണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വനം മന്ത്രി മറുപടി നല്‍കും. അതേസമയം, ബജറ്റിലെ നികുതി വര്‍ധനവിനെതിരായ തുടര്‍ സമരം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 11 ന് നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലാണ് യോഗം.