അസമില്‍ എഐയുഡിഎഫ് മൂന്നു സീറ്റില്‍ മാത്രം മല്‍സരിക്കും
ബിജെപി വിരുദ്ധ മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്ന ലക്ഷ്യത്തോടെയാണ് 14 സീറ്റുകളുള്ള സ്ഥലത്ത് വെറും മൂന്നു സീറ്റുകളില്‍ മാത്രം മല്‍സരിക്കാന്‍ തീരുമാനിച്ചത്
ഗുവാഹത്തി: അസമിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ അസം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) മൂന്നു ലോക്‌സഭാ സീറ്റുകളില്‍ മാത്രമേ മല്‍സരിക്കുകയുള്ളൂവെന്ന് നേതാക്കള്‍ അറിയിച്ചു. ബിജെപി വിരുദ്ധ മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്ന ലക്ഷ്യത്തോടെയാണ് 14 സീറ്റുകളുള്ള സ്ഥലത്ത് വെറും മൂന്നു സീറ്റുകളില്‍ മാത്രം മല്‍സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ച ധബ്രി, കരിംഗഞ്ച്, ബാര്‍പേട്ട എന്നിവിടങ്ങളിലാണ് ഇത്തവണ ജനവിധി തേടുക. പാര്‍ട്ടിയുടെ മേധാവി മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ ധബ്രിയില്‍ നിന്നുള്ള പാര്‍ലിമെന്റംഗമാണ്. കഴിഞ്ഞ 10 വര്‍ഷമായി യുപിഎയ്ക്കാണ് പിന്തുണ നല്‍കുന്നത്. ഇത്തവണ ഈ സീറ്റുകളില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് തീരുമാനം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും എഐയുഡിഎഫ് ജനറല്‍ സെക്രട്ടറി അമീനുല്‍ ഇസ്‌ലാം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു ധാരണയുമില്ലെന്നും മൂന്നു സീറ്റുകളിലും കോണ്‍ഗ്രസാണ് പാര്‍ട്ടിയുടെ മുഖ്യ എതിരാളികളെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ 14ല്‍ 8 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയാണ് ഇതിനു പിന്നിലെന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫിന് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിയാവട്ടെ 50 ശതമാനം സീറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.