കോ ലീ ബി വീണ്ടും ചര്‍ച്ചയാവുമ്പോള്‍...
തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് വോട്ട് മറിക്കാമെന്ന ധാരണയില്‍ വടകരയില്‍ ബിജെപി വോട്ട് ഉറപ്പിച്ചാണ് മുരളീധരനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്നാണ് സിപിഎം ആരോപണം. സിപിഎമ്മിന്റെ കോ ലീ ബി ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്നാണ് കെ മുരളീധരന്റെ മറുപടി
പിസി അബ്ദുല്ല
വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോ ലീ ബീ സഖ്യം വീണ്ടും ചര്‍ച്ചയാവുന്നു. ഈ ആരോപണമുന്നയിച്ചാണ് ഇടതുമുന്നതി വടകരയില്‍ പ്രതിരോധം തീര്‍ക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് വോട്ട് മറിക്കാമെന്ന ധാരണയില്‍ വടകരയില്‍ ബിജെപി വോട്ട് ഉറപ്പിച്ചാണ് മുരളീധരനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്നാണ് ആരോപണം. സിപിഎമ്മിന്റെ കോ ലീ ബി ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്നാണ് കെ മുരളീധരന്റെ മറുപടി. 1991ലെ കോ ലീ ബി സാഹചര്യമല്ല ഇപ്പോള്‍ വടകരയില്‍ സംജാതമായിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇടതു മുന്നണിയുടെ പുതിയ കോ ലീ ബി ആക്ഷേപം ഇത്തവണ വടകരയില്‍ ചെലവാകുമോ എന്ന് കണ്ടറിയണം. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ സംഭവിച്ചപോലെ ഈ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ കുമ്മനത്തിന്റെ പെട്ടിയിലേക്ക് മറിയാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ചില ദേശീയ ചാനലുകള്‍ കേരളത്തില്‍ ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചത് നേമം മോഡല്‍ സാധ്യത മുന്നില്‍ കണ്ടാണ്. 1991 ലെ കോലീബി സഖ്യത്തിന്റെ സൂത്രധാരന്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ കരുണാകരനുമാണെന്നാണ് ആരോപണം. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് വടകരയിലും ബേപ്പൂരിലും സഖ്യം തീരുമാനിച്ചതെന്ന് ബിജെപി നേതാവ് കെ രാമന്‍പിള്ളയാണ് ആദ്യം വെളിപ്പെടുത്തിയത്. രാമന്‍പിള്ളയുടെ ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യിലാണ് വെളിപ്പെടുത്തല്‍. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ രാമന്‍പിള്ള നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫുമായി നടന്ന വോട്ട് കച്ചവടത്തിന്റെ വിശദാശങ്ങളും പുറത്തു വിട്ടിരുന്നു. കോട്ടക്കല്‍ ടിബിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയും ആര്‍എസ്എസ് നേതാക്കളും രഹസ്യചര്‍ച്ച നടത്തിയതെന്നാണ് രാമന്‍പിള്ള ആത്മകഥയില്‍ പറയുന്നത്. രാമന്‍പിള്ളയുടെ ആത്മകഥയില്‍ നിന്ന്: കോഴിക്കോട്ടെ ബിഎംഎസ് പ്രവര്‍ത്തകനായ കെ ഗംഗാധരന്‍, ജന്മഭൂമിയിലെ കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കി. മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇവര്‍ കോട്ടക്കല്‍ ടിബിയില്‍ സമ്മേളിച്ചു. ഒരു പദ്ധതി അവിടെ അവര്‍ ആവിഷ്‌കരിച്ചു. ബിജെപി-കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് സഖ്യം അവിടെ ഉടലെടുത്തു, രാമന്‍ പിള്ളയുടെ പുസ്തകത്തില്‍ പറയുന്നു. ''്‌വടകരയിലും ബേപ്പൂരിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള തീരുമാനം അവരെടുത്തു. ഒ രാജഗോപാല്‍ അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പ്രതിഷേധിച്ചു. നാഷനല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച സ്ഥാനാര്‍ഥികളാണ് വടകരയില്‍ കൃഷ്ണദാസും ബേപ്പൂരില്‍ ശ്രീശനും. അവരെ മാറ്റില്ലെന്ന് ഞാന്‍ ശഠിച്ചപ്പോള്‍ രാജേട്ടന്‍ പറഞ്ഞു: 'നാഷനല്‍ കമ്മിറ്റിയെക്കൊണ്ട് ഞാന്‍ അംഗീകരിപ്പിച്ചുകൊള്ളാം. നമ്മുടെ രണ്ട് അനുഭാവികളെ സ്വതന്ത്രരായി നിര്‍ത്തി വിജയിപ്പിച്ചാല്‍ അത് നമുക്ക് ഗുണകരമായിരിക്കും.'' വടകരയില്‍ അഡ്വ. രത്‌നസിങ്ങും ബേപ്പൂരില്‍ ഡോ. മാധവന്‍കുട്ടിയുമായിരിക്കും സ്ഥാനാര്‍ഥികളെന്ന് പി പി മുകുന്ദനും അറിയിച്ചു. നിലയ്ക്കല്‍ സമരം, വോട്ടുചോര്‍ച്ചയുടെ രസതന്ത്രം എന്നീ അധ്യായങ്ങളിലായാണ് കോ ലീ ബി സഖ്യത്തിന്റെ രഹസ്യങ്ങള്‍ രാമന്‍ പിള്ള തുറന്നു പറയുന്നത്.