തിരുവനന്തപുരം: പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ് കോടിയേരി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനും ബിജെപിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോള്‍ ഇടതുപക്ഷ ചേരിയിലാണ്. എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂര്‍ണമായ ഐക്യത്തോടെയാണ് എല്‍ ഡിഎഫ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.
മുമ്പ് നടന്ന പല തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടില്‍ കാണാന്‍ കഴിഞ്ഞത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളെ അവഗണിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. വര്‍ഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് നോക്കിയത്. നരേന്ദ്രമോദിക്ക് മുമ്പ് അഞ്ചുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇതെല്ലാം എല്‍ഡിഎഫിന് വലിയ വിജയം നല്‍കും. കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.