ദേശീയപാത വികസനം: കുടിയൊഴിപ്പിക്കപ്പെട്ട ഇരകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരകളായ മൂവായിരത്തോളം കുടുംബങ്ങളാണ് ഒറ്റക്കെട്ടായി വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തയാറെടുക്കുന്നത്. എന്‍ എച്ച് 17 സംയുക്ത സമരസമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സമരത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കണമോ നോട്ട ഉപയോഗപ്പെടുത്തണോ എന്നിവയടക്കമുള്ള സാധ്യതകളും സാഹചര്യങ്ങള്‍ വിലയിരുത്തി കോര്‍കമ്മിറ്റി തീരുമാനിക്കും.

Update: 2019-03-22 02:58 GMT

കൊച്ചി: ദേശീയപാത കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ 45 മീറ്റര്‍ ബിഒടി പദ്ധതിയെയും ഒരിക്കല്‍ കുടിയൊഴിപ്പിച്ചവരെ വീണ്ടും കുടിയൊഴിപ്പിക്കുന്നതിനെയും അനുകൂലിക്കുന്ന സാഹചര്യത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരകളായ മൂവായിരത്തോളം കുടുംബങ്ങള്‍ ഒറ്റക്കെട്ടായി വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. കൂനമ്മാവ് കൊച്ചാലില്‍ ചേര്‍ന്ന എന്‍ എച്ച് 17 സംയുക്ത സമരസമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സമരത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കണമോ നോട്ട ഉപയോഗപ്പെടുത്തണോ എന്നിവയടക്കമുള്ള സാധ്യതകളും സാഹചര്യങ്ങള്‍ വിലയിരുത്തി കോര്‍കമ്മിറ്റി തീരുമാനിക്കും.

മൂന്നര പതിറ്റാണ്ടിലേറെയായി കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത 30 മീറ്ററില്‍ പാത നിര്‍മ്മിച്ചിട്ടില്ലെന്നിരിക്കെ കുടിയിറക്കപ്പെട്ടവര്‍ രണ്ടാമതും നിര്‍മ്മിച്ച വീടുകളും തകര്‍ക്കാനാണ് 45മീറ്റര്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് സമര സമിതി ആരോപിക്കുന്നു. പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ഭൂമി പിടിച്ചെടുക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ണടയ്ക്കുന്നു. നിയമങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. നല്‍കിയ പരാതികളുടെ ഹിയറിംഗ് പോലും നടത്താതെ ഭൂമി പിടിച്ചെടുക്കുകയാണ്. സാമൂഹ്യ ആഘാതപഠനം നടത്തുന്നില്ല. വിശദ പദ്ധതി റിപോര്‍ട്ട് പഞ്ചായത്തുകളില്‍ നല്‍കിയെന്നാണ് ജില്ലാ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അത് ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ പഞ്ചായത്ത് വ്യക്തമാക്കി. പുനരധിവാസപാക്കേജും കേരളത്തിലെ ഉയര്‍ന്ന ഭൂമി വിലയും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടാത്തത് ബിഒടി,ടോള്‍ കൊള്ള ലക്ഷ്യമിട്ടാണെന്നും സമരസമിതി ആരോപിച്ചു.യോഗത്തില്‍ഹാഷിം ചേന്നാമ്പിള്ളി അധ്യക്ഷതവഹിച്ചു. കെ വി സത്യന്‍ മാസ്റ്റര്‍, രാജന്‍ ആന്റണി, ടോമി ചന്ദന പറമ്പില്‍, സി വി ബോസ്, ടോമി അറക്കല്‍, ജാഫര്‍ മംഗലശ്ശേരി, കെ എസ് സക്കരിയ,ഹരിദാസ്, തമ്പി മേനാച്ചേരി, രാജേഷ് കാട്ടില്‍, എന്‍ വി ശിഹാബ്, രവീന്ദ്രന്‍ നായര്‍, സുഗുണന്‍, അഭിലാഷ് സംസാരിച്ചു. 

Tags:    

Similar News