വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒമ്പതുലക്ഷം അപേക്ഷകള്‍
കോഴിക്കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍- 1,11,000 പേര്‍. വയനാട് ജില്ലയിലാണ് കുറവ്- 15,000 പേര്‍.
തിരുവനന്തപുരം: ജനുവരി 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാര്‍ച്ച് 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏകദേശം 9 ലക്ഷം അപേക്ഷകള്‍ കൂടി ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ പുതിയ വോട്ടര്‍മാര്‍ക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് ഏപ്രില്‍ നാലിനകം തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍- 1,11,000 പേര്‍. മലപ്പുറത്ത് നിന്ന് ഏകദേശം 1,10,000 അപേക്ഷകള്‍ പുതിയതായി ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലാണ് കുറവ്- 15,000 പേര്‍. ഇപ്പോള്‍ അപേക്ഷ നല്‍കിയതില്‍ 23,472 പേര്‍ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 2,54,08,711 പേരാണുണ്ടായിരുന്നത്.
ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ഇലക്ഷന്‍ വിഭാഗം നടത്തിയത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളിലൂടെയും നിരവധി തവണ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്.