കോഴിക്കോട്: ഒഞ്ചിയം മേഖല വീണ്ടും ഭീതിയുടെ മുള്‍ മുനയില്‍. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രദേശത്ത് സംഘര്‍ഷത്തിന് ചില കേന്ദ്രങ്ങള്‍ കോപ്പു കൂട്ടുന്നതായാണു ആശങ്ക. സിപിഎം-ആര്‍എംപി സംഘര്‍ഷം പതിവായ ഒഞ്ചിയത്ത് രണ്ടു വര്‍ഷത്തോളമായി കാര്യമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നില്ല. എന്നാല്‍,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന്‍ സ്ഥാനാര്‍ഥിയായെത്തിയതോടെ സ്ഥിതി ഗതികള്‍ വീണ്ടും സങ്കീര്‍ണ്ണമായി.
പി ജയരാജന്‍ ജയിച്ചാലും തോറ്റാലും ഒഞ്ചിയത്ത് സിപിഎം വന്‍ തോതില്‍ അക്രമം അഴിച്ചു വിടുമെന്ന ഭീതിയാണ് ആര്‍എംപി കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ആര്‍എംപി പ്രവര്‍ത്തകരും അനുഭാവികളുമായ യുവാക്കളെയും ചില കുടുംബങ്ങളെയും സിപിഎം നോട്ടമിട്ടതായും പറയപ്പെടുന്നു. പി ജയരാജനെതിരേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ചില യുവാക്കളോട് വടകര മേഖലയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കാന്‍ ആര്‍എംപി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.