നാദാപുരത്ത് സിപിഎം ഓഫിസിനു നേരെ ബോംബേറ്

തെരുവന്‍പറമ്പിലെ ഈന്തുള്ളതില്‍ ബിനു സ്മാരകത്തിനു 50 മീറ്റര്‍ അകലെയാണ് ശനിയാഴ്ച രാത്രി 7.30ഓടെ അക്രമമുണ്ടായത്

Update: 2019-05-25 16:08 GMT

നാദാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് സിപിഎം ഓഫിസിനു നേരെ ബോംബേറ്. തെരുവന്‍പറമ്പിലെ ഈന്തുള്ളതില്‍ ബിനു സ്മാരകത്തിനു 50 മീറ്റര്‍ അകലെയാണ് ശനിയാഴ്ച രാത്രി 7.30ഓടെ അക്രമമുണ്ടായത്. ബോംബ് റോഡില്‍ വീണ് പൊട്ടി. ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തി സുരക്ഷ ഏര്‍പ്പെടുത്തി.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുമോത്ത്, ചേലക്കാട് എന്നിവിടങ്ങളില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ രണ്ടുദിവസം മുമ്പ് വളയം പള്ളിമുക്കില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. പോലിസ് നടത്തിയ പരിശോധനയില്‍ രണ്ടു സ്റ്റീല്‍ ബോംബ്, 20 ഗുണ്ടുകള്‍, ബോംബ് നിര്‍മിക്കാനുപയോഗിച്ച വെടിമരുന്ന് ശേഖരം എന്നിവയാണു പിടികൂടിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് തന്നെ വടകര മണ്ഡലത്തില്‍ വ്യാപക സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.



Tags:    

Similar News