പൊന്നാനിയുടെ സുല്‍ത്താന്‍ ആര് ?
2004ല്‍ മഞ്ചേരി വരെ കൈവിട്ടു പോയപ്പോഴും ലീഗിനെ കൈ വിടാതിരുന്ന ഉറച്ച കോട്ട. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രവചനാതീതമാണ് പൊന്നാനിയെന്ന ലീഗിന്റെ പൊന്നാപുരം കോട്ടയില്‍.
2004ല്‍ (ഇ അഹമ്മദ് ) ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ ലീഗിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. 2009ല്‍ ( ഇ ടി മുഹമ്മദ് ബഷീര്‍ ) 82,684 ആയി കുറഞ്ഞു. 2014ല്‍ ( ഇ ടി മുഹമ്മദ് ബഷീര്‍ )അത് 25,410 വോട്ടുകളായി കുറഞ്ഞു. 2016ലെ (സൈനുല്‍ ആബിദീന്‍ തങ്ങള്‍) നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 1,404 വോട്ടുകളായി കൂപ്പുകുത്തി. ഈ വോട്ട് കണക്കുകളാണ് മുസ്‌ലിംലീഗിനെ ആശങ്കയില്‍ ആഴ്ത്തുന്നത്. കൂടാതെ മൂന്നാം ബദലായി ഉയര്‍ന്നുവരുന്ന എസ്ഡിപിഐയും മണ്ഡലത്തിലെ പ്രധാന നിര്‍ണായക ശക്തിയാണ്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ സീറ്റുകളില്‍ ലീഗ് നേടിവന്നിരുന്ന മഹാഭൂരിപക്ഷം കുറയ്ക്കാന്‍ ഇടയാക്കിയത് എസ്ഡിപിഐ ആയിരുന്നുവെന്നതും വസ്തുതയാണ്. ഇത്തവണ ഹാദിയ കേസിലൂടെ ജനപ്രീതി സമ്പാദിച്ച അഡ്വ കെ സി നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി എന്നതും ശ്രദ്ദേയമാണ്.
സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി പരമാവധി വോട്ട് പിടിക്കുക എന്നതാണ് പൊന്നാനിയിലെ ഇടത് തന്ത്രം. 2009ല്‍ സുന്നി സഹയാത്രികന്‍ ഹുസൈന്‍ രണ്ടത്താണിയെ പിഡിപിയുടെ പിന്തുണയോടെ സിപിഎം മല്‍സരിപ്പിച്ചു. 2014 കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വന്ന നിലവിലെ താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനെയും സിപിഎം മല്‍സരിപ്പിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനും ലീഗിന്റെ ഭൂരിപക്ഷം കുറക്കാനും ഇതിലൂടെ സാധിച്ചു. ഇതേ പരീക്ഷണം തന്നെയാണ് പി വി അന്‍വറിലൂടെ പാര്‍ട്ടി വീണ്ടും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് കുത്തക മണ്ഡലമായ നിലമ്പൂര്‍ പിടിച്ചെടുത്തത് പോലെ പൊന്നാനിയും അന്‍വറിലൂടെ പിടിക്കാന്‍ ആണ് പാര്‍ട്ടി ലക്ഷ്യം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം. 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവല്‍കരിച്ച തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചിടത്തും സ്വതന്ത്ര സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുകയും തവനൂരും പൊന്നാനിയും തിരൂരും ഇടത് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റ് മണ്ഡലതല ഭൂരിപക്ഷം 1,404ല്‍ പിടിച്ചു നിര്‍ത്താനും സാധിച്ചു. അതുകൊണ്ടാണ് സിപിഎം വീണ്ടും സ്വാതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കുന്നത്. നിയമസഭയിലെ കണക്കുകള്‍ ഇങ്ങനെ ആണെങ്കിലും പാര്‍ലമെന്റിലേക്ക് നാല് പതിറ്റാണ്ടായി തുടരുന്ന ലീഗിന്റെ ആധിപത്യം ഇ ടിക്ക് അനുകൂലമാണ്. ലീഗിനകത്ത് പോലും കുഞ്ഞാലിക്കുട്ടിയെക്കാള്‍ സമ്മതിയുള്ള സ്ഥാനാര്‍ഥിയാണ് ഇ ടി മുഹമ്മദ് ബഷീര്‍.
മത ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള മണ്ഡലമാണ് പൊന്നാനി. കൂടുതലും സുന്നി വിഭാഗക്കാരാണ്. ഇരു സമസ്തകളുടെ വോട്ടും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടിയുടെ പാര്‍ലമെന്റിലെ മികച്ച പ്രകടനവും ന്യൂനപക്ഷ വോട്ടുകളും ഇ ടിക്ക് അനുകൂല ഘടകമാണ്. ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപക്ഷവും ന്യൂനപക്ഷ വോട്ടുകള്‍ ലീഗും ലക്ഷ്യംവയ്ക്കുന്നു. പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയപരാജയങ്ങളെ സ്വാധീനിക്കും. നിലവില്‍ മണ്ഡലത്തില്‍ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്.
മണ്ഡലത്തിലെ ഇതുവരെയുള്ള ജനപ്രതിനിധികള്‍:-
1952: കെ കേളപ്പന്‍, കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടി
1962: ഇ കെ ഇമ്പിച്ചി ബാവ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
1967: സി കെ ചക്രപാണി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
1971: എം കെ കൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
1977: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1980: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1984: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1989: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1991: ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1996: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1998: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1999: ജി എം ബനാത്ത്‌വാല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
2004: ഇ അഹമ്മദ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
2009: ഇ ടി മുഹമ്മദ് ബഷീര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
2014: ഇ ടി മുഹമ്മദ് ബഷീര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്