പ്രചരണചൂടില്‍ തലസ്ഥാനം; സ്ഥാനാര്‍ഥികളെല്ലാം തിരക്കിലാണ്...

അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിയും കല്യാണവീടുകളും മരണവീടുകളും സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.

Update: 2019-03-19 05:54 GMT
കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയില്‍ പങ്കെടുക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ എന്നിവര്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചരണരംഗത്ത് സജീവമായതോടെ തലസ്ഥാനം പോരാട്ടച്ചൂടിലേക്ക്. അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിയും കല്യാണവീടുകളും മരണവീടുകളും സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. കടുത്ത വേനല്‍ച്ചൂടിലും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ടത്തിലേക്ക് നീങ്ങാന്‍ എല്‍ഡിഎഫ് തയ്യാറെടുക്കുമ്പോള്‍ യുഡിഎഫ് ഒന്നാംഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി ദിവാകരനും യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരും ഇന്നലെ കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിലാണ് സജീവമായി പങ്കെടുത്തത്. കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ പ്രചരണരംഗത്ത് സജീവമായിട്ടില്ല.


വിവിധ മേഖലാ കണ്‍വന്‍ഷനുകളിലും നാട്ടിലെ പൊതുചടങ്ങുകളിലും പങ്കെടുക്കാനുള്ള തിരക്കിലാണ് സി ദിവാകരന്‍. ഒപ്പം മണ്ഡലത്തിലെ പൗരപ്രമുഖരേയും മതസ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ ശശി തരൂരിന്റെ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നുരാവിലെയാണ് നടന്നത്. കോട്ടയ്ക്കകത്ത് നടന്ന കണ്‍വന്‍ഷന്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയം ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കി. 20, 21, 22, 23 തീയതികളിലായ നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകളും 25നുള്ളില്‍ യുഡിഎഫ് മണ്ഡലംതല കമ്മിറ്റികളും 27നകം ബൂത്തുതല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കും.

ഇന്നലെ ആറ് മേഖലാ കണ്‍വന്‍ഷനുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ പങ്കെടുത്തത്. ബൂത്തുതല കണ്‍വന്‍ഷനുകളില്‍ വൈകാതെ പൂര്‍ത്തിയാക്കി ഗൃഹസന്ദര്‍ശനത്തിലേക്ക് കടക്കാനാണ് തീരുമാനം. ഇന്നുരാവിലെ ഇഎംഎസ് അനുസ്മരണത്തില്‍ പങ്കെടുത്ത ശേഷമാണ് ദിവാകരന്‍ കരിക്കകം ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് കരകുളത്തെ കല്യാണ ചടങ്ങിലും പങ്കെടുത്തു. ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് ഭാരവാഹികളുടെ യോഗത്തില്‍ സംബന്ധിച്ചശേഷം പാളയം സെന്റ് ജോസഫ് പള്ളിയിലെ സ്‌നേഹവിരുന്നിലും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശശി തരൂരും ഇന്നു മുതല്‍ പ്രചരണരംഗത്ത് സജീവമാകും.

മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ, ബദല്‍ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ്‌യുസിഐ സ്ഥാനാര്‍ഥി എസ് മിനിയും പ്രചരണരംഗത്ത് സജീവമാണ്. മണ്ഡലത്തിലെ ജനകീയ സമരങ്ങള്‍ സജീവമായി രംഗത്തുള്ള മിനി എസ് യുസിഐ ജില്ലാ കമ്മിറ്റിയംഗവും മഹിളാ സാംസ്‌കാരിക സംഘടനാ ജില്ലാ പ്രസിഡന്റുമാണ്. 

Tags:    

Similar News