മല്‍സരത്തിന് മുമ്പ് 20 തവണ ബാത്ത്‌റൂമില്‍ പോകുന്നവനാണ് മെസ്സിയെന്ന് മറഡോണ
മെക്‌സിക്കോ സിറ്റി: നായകനെന്ന നിലയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പൂര്‍ണ പരാജയമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡാണ. ഒരു മല്‍സരത്തിന് മുമ്പ് 20 തവണ ബാത്ത്‌റൂമില്‍ പോകുന്നവനെയാണോ അര്‍ജന്റീനയുടെ നായകനായി വാഴിക്കുന്നതെന്നും മറഡോണ പരിഹസിച്ചു. ഇത് അമിത സമ്മര്‍ദത്തെയാണ് വരച്ചുകാട്ടുന്നത്. ഇപ്പോള്‍ താരം അര്‍ജന്റീനയുടെ ദൈവമല്ലെന്നും മെക്‌സിക്കോയില്‍ വച്ച് ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലുമായി നടന്ന ഒരു അഭിമുഖത്തില്‍ ഇതിഹാസ താരം തുറന്നടിച്ചു. നായകനെന്ന ചുമതല ഏറ്റെടുക്കാനുള്ള കഴിവ് മെസിക്കില്ലെന്നും ആ ബാധ്യത മെസ്സിയുടെ തലയില്‍ നിന്നും മാറ്റി വക്കണമെന്നും മറഡോണ ആവശ്യപ്പെട്ടു.
റൊണാള്‍ഡോയ്‌ക്കൊപ്പം ലോകത്ത് മികച്ചു നില്‍ക്കുന്ന താരമാണ് മെസ്സി. എങ്കിലും അദ്ദേഹമൊരിക്കലും ഒരു നായകനല്ല. കാര്യം ലോകോത്തര താരമാണ്. പക്ഷേ അത് രാജ്യത്തിന് കളിക്കുമ്പോള്‍ കൂടി വേണം. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് താരം യഥാര്‍ഥ മെസ്സി ആവുന്നത്. എന്നാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മറ്റൊരു മെസ്സിയെയാണ് നാം കാണുന്നത്. നായകനെന്നത് താരത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണ്. അതെടുത്തു മാറ്റിയാല്‍ മാത്രമേ നമ്മളെല്ലാവരും ആഗ്രഹിക്കുന്ന മെസിയെ കളിക്കളത്തില്‍ കാണാനാവൂ-മറഡോണ വിശദീകരിച്ചു. അതേസമയം മറഡോണയുടെ വിമര്‍ശനം അതിരുവിട്ടെന്ന് മുന്‍കാല താരങ്ങള്‍ പ്രതികരിച്ചു. ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ പരാജയത്തിന് ശേഷം നടന്ന മൂന്ന് സൗഹൃദ മല്‍സരത്തിലും മെസ്സി ഇറങ്ങിയിരുന്നില്ല. നിലവില്‍ മെക്‌സിക്കോയിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ സിനലോവയുടെ പരിശീലകനാണ് മറഡോണ.
കഴിഞ്ഞ ആഴ്ച ബ്രസീല്‍ ഇതിഹാസ താരം പെലെ റൊണാള്‍ഡോയെ തഴഞ്ഞ് മെസ്സിയെ തന്റെ ടീമിലേക്ക് ക്ഷണിച്ചിരുന്നു.