മീ ടൂ ആരോപണം നിഷേധിച്ച് മുകേഷ്; ആരോപണം ഉന്നയിച്ച യുവതിയെ ഓര്‍ക്കുന്നില്ല
കൊച്ചി: മീ ടും കാംപയ്‌ന്റെ ഭാഗമായി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ മുകേഷ് പെരുമാറിയെന്നു വെളിപ്പെടുത്തി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
എന്നാല്‍, ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് മുകേഷ് പറഞ്ഞു. ഫോണില്‍ ശല്യപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. ഒരു പക്ഷേ മറ്റാരെങ്കിലും വിളിച്ചത് ഫോണില്‍ തെറ്റിദ്ധരിച്ചതാവാമെന്നും മുകേഷ് പറഞ്ഞു. നിയമ നടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അതേ സമയം, മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുകേഷ് തയ്യാറായില്ല. ഒരു പരിപാടിയുടെ തിരക്കിലാണെന്ന് പറഞ്ഞ് ചോദ്യങ്ങള്‍ ഒഴിവാക്കുകകയായിരുന്നു.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ടെസ് ജോസഫ് പറഞ്ഞത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചു. ശല്യം കൂടിയപ്പോള്‍ സുഹൃത്തിന്റെ മുറിയിലേക്ക് മാറേണ്ടിവന്നു. പിന്നീട് ഹോട്ടല്‍ അധികൃതര്‍ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റി. മുകേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
തനിക്കന്ന് 20 വയസ്സായിരുന്നു. ചാനല്‍ മേധാവിയുമായി ഇക്കാര്യം സംസാരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ആയിരുന്നു ചാനല്‍ മേധാവി. അദ്ദേഹമെത്തി തനിക്കു ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുനല്‍കുകയായിരുന്നു. മുകേഷിന്റെ ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തായിരുന്നു ടെസ്സിന്റെ ട്വീറ്റ്.
അതേസമയം, മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും കൊല്ലത്തെ എംഎല്‍എയുടെ ഓഫിസിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു. ഇന്നു കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.