ചീപ്പുഞ്ചിറ ടൂറിസം വികസനം യാഥാര്‍ഥ്യമാവുന്നു

Update: 2022-06-18 14:35 GMT

മാള: പ്രകൃതി രമണീയമായ വള്ളിവട്ടം ചീപ്പുഞ്ചിറ ടൂറിസം വികസനം യാഥാര്‍ഥ്യമാവുന്നു. ടൂറിസം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 1.60 കോടി രൂപയാണ് ചീപ്പുഞ്ചിറ ടൂറിസം വികസനത്തിനായി വകയിരുത്തിയത്. നൂറുകണക്കിന് ആളുകള്‍ നിത്യേന വൈകുന്നേരങ്ങളിലും മറ്റും മാനസികോല്ലാസത്തിനായെത്തുന്ന ചീപ്പുഞ്ചിറയില്‍ നിലവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പുഴയോരത്ത് വിശ്രമ കേന്ദ്രവും ചാരുബെഞ്ചുകളുമൊന്നുമില്ലാത്തത് കാരണം ഇവിടെ എത്തുന്നവര്‍ക്ക് ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്.

എസ്എന്‍ പുരം, മതിലകം, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളോടും കൊടുങ്ങല്ലൂര്‍ നഗരസഭയോടും അതിര്‍ത്തി പങ്കിടുന്ന കരൂപ്പടന്ന പുഴയോരത്തെ ചീപ്പുഞ്ചിറ വികസനം പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ്. കനോലി കനാലിലൂടെ കോതപറമ്പ്, പനങ്ങാട്, മതിലകം, പൂവത്തുംകടവ്, വള്ളിവട്ടം, പുല്ലൂറ്റ് തുടങ്ങിയേടങ്ങളിലുള്ള കായല്‍ ഭാഗങ്ങളിലൂടെ ബോട്ട് സവാരി ആരംഭിക്കുന്നതോടെ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. പുഴയോരത്ത് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടുന്ന വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ചീപ്പുഞ്ചിറ വികസിക്കും. നിരവധി ആളുകള്‍ എത്തുന്ന ഇവിടെ ഫുഡ് കിച്ചണ്‍ ആരംഭിക്കാനുള്ള സാധ്യതകളുണ്ട്. പുഴമീനുകളുടെ വിപണന കേന്ദ്രമായും ചീപ്പുഞ്ചിറയെ വികസിപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുന്ന വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചീപ്പുഞ്ചിറ പ്രദേശം സൗന്ദര്യവത്ക്കരണം നടത്തി വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വെള്ളാങ്കല്ലൂര്‍ സോഷ്യല്‍ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സൊസൈറ്റി ഭാരവാഹികളാായ ഷഫീര്‍ കാരുമാത്ര, വി കെ ശ്രീധരന്‍, വീരാന്‍ പി സെയത്, ടി കെ ഫക്രുദ്ധീന്‍, എന്‍ എ ത്വാഹ, ഷാഹിര്‍ പട്ടേപ്പാടം തുടങ്ങിയവര്‍ ചീപ്പുഞ്ചിറ വികസനത്തിനായി ഫണ്ട് അനുവദിച്ചതിനെ സ്വാഗതം ചെയ്തു.

Tags:    

Similar News