'ഇന്ത്യ ഹിന്ദു രാഷ്ട്രമാവുന്നതിന്റെ അപകടത്തില്‍'; മുന്നറിയിപ്പുമായി യുഎസ് കോണ്‍ഗ്രസ് അംഗം

Update: 2022-12-17 14:37 GMT

വാഷിങ്ടണ്‍: ഇന്ത്യ ഒരു ഹിന്ദു ദേശീയ രാഷ്ട്രമായി മാറുന്നതിന്റെ അപകടത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് സ്ഥാനമൊഴിയുന്ന യുഎസ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ആന്‍ഡി ലെവിന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ മതേതര ജനാധിപത്യത്തിന് പകരം ഹിന്ദു ദേശീയവാദ രാഷ്ട്രമായി മാറുന്നതിന്റെ വക്കിലാണ് ഇന്ത്യയുള്ളത്. ഇന്ത്യ പോലുള്ള സ്ഥലങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നയാളാണ് താനെന്നും മിഷിഗണില്‍ നിന്നുള്ള ഒമ്പതാമത്തെ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച ലെവിന്‍ പറഞ്ഞു.

യുഎസ് ജനപ്രതിനിധി സഭയിലെ തന്റെ അവസാന പ്രസംഗത്തിനിടെയാണ് ലെവിന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. 'ഞാന്‍ ഹിന്ദുമതത്തെയും ജൈനമതത്തെയും ബുദ്ധമതത്തെയും, ഇന്ത്യയില്‍ ജനിച്ച മറ്റ് മതങ്ങളെയും സ്‌നേഹിക്കുന്നു. എന്നാല്‍, അവിടെയുള്ള എല്ലാവരുടെയും അവകാശങ്ങള്‍ ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്, അവര്‍ മുസ്‌ലിംകളോ, ഹിന്ദുക്കളോ, ബുദ്ധമതക്കാരോ, ജൂതന്‍മാരോ, ക്രിസ്ത്യാനികളോ, ജൈനന്‍മാരോ ആരുമായിക്കൊള്ളട്ടെ'- ലെവിന്‍ പറഞ്ഞു.

ഏപ്രില്‍ 20ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (IAMC) ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച 'കശ്മീരിലെ ഇന്ത്യയുടെ ക്രൂരമായ പീഡനം' എന്ന തലക്കെട്ടിലെ പ്രത്യേക കോണ്‍ഗ്രഷണല്‍ ബ്രീഫിങ്ങില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശ്രദ്ധപതിയണമെന്ന് ലെവിന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി ഭരണത്തിന് കീഴിലുള്ള മുസ്‌ലിംകളുടെ ദുരവസ്ഥയെക്കുറിച്ചും ലെവിന്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. കശ്മീര്‍ രാത്രി വാര്‍ത്ത ചര്‍ച്ചകളില്‍ ഇടം പിടിക്കില്ലെങ്കിലും അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ എങ്ങനെ തെറ്റായ ദിശയിലേക്കാണ് കൊണ്ടുപോവുന്നു എന്നതിന്റെ പ്രധാന ഉദാഹരണമാണിത്- ലെവിന്‍ പറഞ്ഞു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിംകളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 മോദി റദ്ദാക്കിയപ്പോള്‍ ഇന്റര്‍നെറ്റും ടെലികമ്മ്യൂണിക്കേഷനും റദ്ദാക്കിയെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചു. ഇത് അക്രമത്തിന്റെയും തടങ്കലിന്റെയും തെളിവാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ആതിഥേയത്വം വഹിച്ച മറ്റൊരു കോണ്‍ഗ്രസിന്റെ ബ്രീഫിങ്ങില്‍ ലെവിന്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ താന്‍ പ്രണയിച്ച ഇന്ത്യയല്ല. താന്‍ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ എന്തിനാണ് ഇത്ര പരസ്യമായി വിമര്‍ശിക്കുന്നത്? അതിനുള്ള ഉത്തരം താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു എന്നതുകൊണ്ടാണ്. അവിടത്തെ ജനങ്ങള്‍ക്കെതിരായ ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്.

ചെറുപ്പത്തില്‍ താന്‍ മനസ്സിലാക്കിയ ഊര്‍ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതില്‍ വളരെയധികം ആവേശഭരിതനായതുകൊണ്ടാണ്. വരും തലമുറകള്‍ക്കും ജനാധിപത്യം തഴച്ചുവളരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നു- ലെവിന്‍ പറഞ്ഞു. ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ പ്രതിനിധിയാണ് ലെവിന്‍. മധ്യേഷ്യ, ഏഷ്യ, പസഫിക് എന്നിവിടങ്ങളില്‍ ആണവനിര്‍വ്യാപനം തടയുന്നതിനുള്ള ഉപസമിതിയുടെ വൈസ് തലവനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Similar News