ഈ ചെടി ആത്മഹത്യയിലേക്ക് നയിക്കുമെന്നു പറയാന്‍ കാരണമെന്ത്?
ഈ ചെടിയുടെ ഇല മനുഷ്യര്‍ സ്പര്‍ശിച്ചാല്‍ മൂന്നു ദിവസം വരെ അസഹ്യമായ വേദന അനഭവപ്പെടും.
ഒരു ചെടി ആത്മഹത്യയിലേക്ക് നയിക്കുമെന്ന് പറയുന്നത് അല്‍പ്പം അതിശയോക്തിയാകും. എന്നാല്‍ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ മഴക്കാടുകളിലുള്ള ഡെന്‍ഡ്രോക്‌നൈഡ് മോറോയ്ഡ്സ് എന്ന മാരക വിഷമുള്ള ചെടിയെ കുറിച്ച് അങ്ങിനെയാണ് പറയുന്നത്. സൂയിസൈഡ് പ്ലാന്റ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. ഇതില്‍ നിന്നും വമിക്കുന്ന രൂക്ഷഗന്ധം ശ്വസിക്കുന്ന, ഒരാളെ അത് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. അതുപോലെ ഇതിന്റെ ഇലകള്‍ സ്പര്‍ശിച്ചാല്‍ ശരീരത്തിലേക്കെത്തുന്ന വിഷാംശം അസഹ്യമായ വേദനക്കും കാരണമാകും.
സ്റ്റിംങിങ് ബുഷ്, ഗിമ്പി ഗിമ്പി, മള്‍ബറി ലീവ്ഡ് സ്റ്റിംഗര്‍, മൂണ്‍ ലൈറ്റര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകളിലെ നിരവധി നാരുകളില്‍ നിന്നുമാണ് വിഷാംശം അടങ്ങിയ ഗന്ധം പരക്കുന്നത്. ഈ ചെടിയുടെ ഇലകളില്‍ ധാരാളം നാരുകളുണ്ട്. ഈ നാരുകളുടെ അറ്റത്തുള്ള ബള്‍ബ് പോലുള്ള ഭാഗം തൊടുമ്പോള്‍ പൊട്ടി പോവുകയും, തൊലിക്കിടയില്‍ കയറി വിഷം കുത്തിവയ്ക്കപ്പെടുകയും ചെയ്യുന്നു. ഈ ചെടിയുടെ ഇല മനുഷ്യര്‍ സ്പര്‍ശിച്ചാല്‍ മൂന്നു ദിവസം വരെ അസഹ്യമായ വേദന അനഭവപ്പെടും. പിന്നീടും ദിവസങ്ങളോളം വേദന നിലനില്‍ക്കും. ഡെന്‍ഡ്രോക്‌നൈഡ് മോറോയ്ഡ്സ് ചെടിയില്‍ സപര്‍ശിച്ചതു കാരണം ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നത് ആസ്‌ട്രേലിയയില്‍ സാധാരണമാണ്.
ഈ ചെടി വെട്ടിക്കളയാന്‍ പോകുന്നവര്‍ ശരീരം മുഴുക്കെ മൂടുന്ന വസ്ത്രവും മുഖാവരണവും ധരിക്കാറുണ്ട്. അല്ലാത്ത പക്ഷം അലര്‍ജ്ജി, മൂക്കൊലിപ്പ്, മൂക്കില്‍ നിന്നും രക്തംവരല്‍,തൊണ്ട വേദന എന്നിവയുണ്ടാകാറുണ്ട്. ഇല സ്പര്‍ശിച്ചാല്‍ ആ ഭാഗത്ത് സെല്ലോടേപ്പ് ഒട്ടിച്ച് പറിച്ചെടുക്കലാണ് പ്രാഥമിക ചികില്‍സയായി ചെയ്യാറുള്ളത്. സെല്ലോ ടേപ്പ് ഒട്ടിച്ച് വലിച്ചെടുക്കുന്നതോടെ ശരീരത്തില്‍ തറഞ്ഞ സൂക്ഷ്മമായ നാരുകള്‍ ഇളക്കിയെടുക്കാനാവും എന്നാണ് പറയുന്നത്. അതിനു ശേഷം ഉടന്‍ തന്നെ ഹൈഡ്രോക്ലോറിക് ആസിഡ് ഉപയോഗിച്ച് കഴുകുന്നതും ചികില്‍സയുടെ ഭാഗമാണ്.