നിര്‍മാണവ്യവസായത്തില്‍ കൂടുതല്‍ തടി ഉപയോഗിച്ചും കാലാവസ്ഥാമാറ്റത്തെ ചെറുക്കാം: വാസ്തുശില്‍പ്പി ഡോ. ബെന്നി കുര്യാക്കോസ്
പരമാവധി സാധ്യമായ അത്രയും മരങ്ങള്‍ നട്ടു വളര്‍ത്തുകയും കെട്ടിടനിര്‍മാണത്തില്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നതാണ് കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള ഏറ്റവും മികച്ച വഴി
കൊച്ചി: കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ തടി ഉപയോഗിക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേയ്ക്ക് നമ്മളെ കൂടുതല്‍ അടുപ്പിക്കുമെന്നും കാലാവസ്ഥാമാറ്റം ചെറുക്കാന്‍ സഹായിക്കുമെന്നും പ്രമുഖ വാസ്തുശില്‍പ്പിയായ ഡോ. ബെന്നി കുര്യാക്കോസ്. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദി സ്‌ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയിലെ 22ാമത് പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി സാധ്യമായ അത്രയും മരങ്ങള്‍ നട്ടു വളര്‍ത്തുകയും കെട്ടിടനിര്‍മാണത്തില്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നതാണ് കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള ഏറ്റവും മികച്ച വഴി. മരങ്ങള്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് വലിച്ചെടുക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഈ രണ്ട് പ്രവര്‍ത്തികളും നമുക്ക് അത്യാവശ്യമായ സംഗതികളാണ്. എന്നാല്‍ തടി ഉപയോഗത്തിനു ശേഷം കത്തിക്കുകയോ ദ്രവിക്കാന്‍ വിടുകയോ ചെയ്യുമ്പോള്‍ അവയിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വീണ്ടും പുറത്തു വരും. അത് ഹാനികരമാണ്. തടി കത്തിക്കുന്നത് ആഗോളതാപനത്തിനും കാരണമാകും. അതിനു പകരം മരങ്ങള്‍ മുറിച്ച് നമുക്കാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണത്തിലുപയോഗിക്കുമ്പോള്‍ അവ ആഗിരണം ചെയ്യുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് അവയില്‍ത്തന്നെയിരിക്കും.
തടി ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങള്‍ കൂടുതല്‍ ഈടുനില്‍ക്കകയും പ്ലാറ്റിനംറേറ്റഡ് ബില്‍ഡിംഗുകളേക്കാള്‍ പത്തിരട്ടി പരിസ്ഥിതി സൗഹാര്‍ദവുമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 80-85%വും തടി ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുണ്ടെന്നും അവ ദീര്‍ഘകാലം നിലനില്‍ക്കുന്നുണ്ടെന്നും ഡോ. ബെന്നി കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ മറുവശത്ത് വന്‍തോതില്‍ മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതും നിര്‍ബന്ധമാണ്. വടക്കേ അമേരിക്കയുടെ അത്രയും വലിപ്പമുള്ള സ്ഥലത്ത് മരങ്ങള്‍ നട്ടു വളര്‍ത്തണം, അദ്ദേഹം പറഞ്ഞു.
പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും അവയുടെ നിര്‍മാണത്തിലുപയോഗിച്ച് തടി പുനരുപയോഗിക്കാനാവും. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണം (വെര്‍നാകുലര്‍ ആര്‍ക്കിടെക്ചര്‍), റീസൈക്ക്ള്‍ഡ് മെറ്റീരിയലുകളുടെ ഉപയോഗം, തടിയുടെ ഉപയോഗം എന്നിവയാണ് ആദര്‍ശപരമായ വാസ്തുശില്‍പ്പത്തിന്റെ ആധാരശിലകളായി താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ ആര്‍ക്കിടെക്ചറിനെ അനുകരിക്കുന്നത് നമുക്ക് അനുയോജ്യമല്ല. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന കടുത്ത ചൂടിനെ (ഹീറ്റ് വേവ്) വര്‍ധിപ്പിക്കാന്‍ പാശ്ചാത്യ ആര്‍ക്കിടെക്ചര്‍ കാരണമാകുന്നു. കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് 2099 വരെയോ 2100 വരെയോ കാത്തിരിക്കേണ്ടതില്ല.അത് വന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2018 മുതല്‍ ആവര്‍ത്തിച്ചു വരുന്ന പ്രളയങ്ങള്‍ നമ്മളെ പ്രകൃതിയെ കണക്കിലെടുക്കാന്‍ പ്രേരിപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആഗോളപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങിയിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ നമുക്ക് ജീവിക്കാന്‍ ഒരു ഭൂമിയേ ഉള്ളൂ എന്ന ഐക്യരാഷ്ട്രസഭയുടെ ഓര്‍മപ്പെടുത്തല്‍ ഏറെ പ്രസക്തമാണെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു.