പാപ്പാന്‍മാര്‍ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വിലക്കേര്‍പ്പെടുത്തി
രാജസ്ഥാന്‍ ഹൈക്കോടതി ഇരുമ്പു തോട്ടി നിരോധിച്ചു 2010 ഫെബ്രുവരി 10 ന് ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം: നാട്ടാനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇരുമ്പു തോട്ടി (അങ്കുഷ്) ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണു തീരുമാനം.
ഇരുമ്പു തോട്ടിയുടെ മൂര്‍ച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും കുത്തി പരിക്കേൽപ്പിച്ച് പ്രാകൃത രീതിയിലാണു ചില പാപ്പാന്‍മാര്‍ ആനകളെ നിയന്ത്രിക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണു ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.
ഇരുമ്പുതോട്ടി നിരോധിച്ചു ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ നേരത്തേ 2015 മേയ് 14 നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പകരം തടി കൊണ്ടുള്ള തോട്ടി ഉപയോഗിക്കാമെന്നും അന്നു നിര്‍ദേശിച്ചിരുന്നു. ഇത്തവണ അക്കാര്യം പറയുന്നില്ല.
പരാതികളെത്തുടര്‍ന്നു രാജസ്ഥാന്‍ ഹൈക്കോടതി ഇരുമ്പു തോട്ടി നിരോധിച്ചു 2010 ഫെബ്രുവരി 10 ന് ഉത്തരവിട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇരുമ്പു തോട്ടി നിരോധിക്കണമെന്നു മൃഗസംരക്ഷണ രംഗത്തുള്ളവരും ആനപ്രേമികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മധ്യ കേരളത്തില്‍ ആനയോട്ടത്തില്‍ പങ്കെടുത്ത ആനയ്‌ക്കൊപ്പം ലോഹത്തില്‍ നിര്‍മിച്ച തോട്ടിയുമായി പാപ്പാന്‍ നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.