കടുവാദിനത്തില്‍ സന്തോഷിക്കാം; ഇന്ത്യയില്‍ കടുവകള്‍ സുരക്ഷിതര്‍

Update: 2019-07-29 13:35 GMT

ന്യൂഡല്‍ഹി: 3000 കടുവകള്‍ സുരക്ഷിതരായി ഇന്ത്യയില്‍ വസിക്കുന്നുവെന്ന സന്തോഷത്തോടെയാണ് ഇത്തവണത്തെ കടുവാ ദിനം കടന്നുപോകുന്നത്. 2014ല്‍ എടുത്ത കടുവാ കണക്കിനേക്കാള്‍ 33ശതമാനം അധിക വളര്‍ച്ചയാണ് കടുവകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും സന്തോഷിക്കാന്‍ വക നല്‍കുന്നു. ഇതുപ്രകാരം 741 കടുവകളാണ് രാജ്യത്ത് വര്‍ധിച്ചിരിക്കുന്നത്. 2226 കടുവകളാണ് 2014ലെ സെന്‍സസില്‍ ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ 2018ലെ സെന്‍സസില്‍ ഇന്ത്യന്‍ കാടുകളില്‍ കണ്ടെത്തിയിരിക്കുന്നത് 2967 കടുവകളെയാണ്.

ലോക കടുവാദിനത്തില്‍ പരിസ്ഥിതി മന്ത്രലായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കടുവ സെന്‍സസ് റിപ്പോര്‍ട്ടിലാണ് കടുവകളുടെ എണ്ണത്തിലുള്ള വര്‍ധനയെക്കുറിച്ച് വിവരങ്ങളുള്ളത്.

ഓരോ നാല് വര്‍ഷം കൂടുമ്പോഴുമാണ് രാജ്യത്തെ കടുവകളുടെ കണക്കെടുത്ത റിപ്പോര്‍ട്ട് പുറത്തുവിടാറുള്ളത്. 2006ല്‍ കടുവകളുടെ എണ്ണം 1411 ആയി കുറഞ്ഞിരുന്നത് 2014ല്‍ 2226 കടുവകളായി ഉയര്‍ന്നിരുന്നു. 2018ല്‍ അത് വീണ്ടും വര്‍ധിച്ച് 2967 ആയിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപോര്‍ട്ടില്‍ പറയുന്നത്.

ലോകത്ത് ആകെയുള്ള കടുവകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്.

കടുവകളെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്റ്റ് ടൈഗര്‍ പദ്ധതിയാണ്. 1973ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരാണ് കടുവകളെ സംരക്ഷിക്കാനായി ബൃഹത്തായ ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

ഇന്ത്യയില്‍ ഏറ്റവു കൂടുതല്‍ കാണപ്പെടുന്ന ബംഗാള്‍ കടുവകളെ സംരക്ഷിക്കുക, കടുവകളുടെ ആവാസവ്യവസ്ഥ കാത്തു സൂക്ഷിക്കുക, കടുവകളെ കൊല്ലുന്നതും വില്‍പ്പന നടത്തുന്നതും തടയുക എന്നിവയായിരുന്നു ആദ്യ ലക്ഷ്യങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് ടൈഗര്‍ റിസര്‍വുകള്‍ സ്ഥാപിച്ചു. നിലവില്‍ പ്രൊജക്റ്റ് ടൈഗറിന്റെ കീഴില്‍ ചെറുതും വലുതുമായ 50 ടൈഗര്‍ റിസര്‍വുകള്‍ ഇന്ത്യയിലുണ്ട്.


Full View





Similar News