മലബാറിന്റെ സ്വന്തം ജീവിവര്‍ഗ്ഗം അപ്രത്യക്ഷമായി; ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെ
ഇങ്ങിനെയൊരു ജീവിവര്‍ഗ്ഗം ഉണ്ടായിരുന്നു എന്നത് തെളിയിക്കാന്‍ മലബാര്‍ വെരുകിനെപ്പോലെ ഒരു ജീവിക്കു വേണ്ടിയും ശാസ്ത്രലോകം ഇങ്ങിനെ കാത്തിരിക്കുന്നുണ്ടാകില്ല.കുറ്റിക്കാട്ടിലെ ഒളിയിടത്തില്‍ നിന്നുമുള്ള ഒരു പ്രത്യക്ഷപ്പെടല്‍,കാമറയില്‍ ഒരൊറ്റ സ്‌നാപ്പ്.അതുമതി ശാസ്ത്രലോകത്തിന്.അതിനായി കാത്തിരിപ്പു തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി.
മലബാറിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ജീവിവര്‍ഗ്ഗം ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമായി. ഇങ്ങിനെയൊരു ജീവി ഈ ഭൂമുഖത്തുണ്ടായിരുന്നു എന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെ. ഒരു ഫോട്ടോയില്‍ പോലും അടയാളപ്പെടുത്തപ്പെടാതെയാണ് മലബാര്‍ സിവറ്റ് എന്ന് ലോകത്തെ ജീവസാസ്ത്രജ്ഞര്‍ പറഞ്ഞിരുന്ന ആ ജീവി കുറ്റിയറ്റുപോയത്. എത്രയോ ഗവേഷകര്‍ ആധുനിക സംവിധാനങ്ങളുമായി കാടും മേടും കയറിയിറങ്ങിയിട്ടും മലബാര്‍ വെരുക് ഈ ഭൂമുഖത്ത് അവശേഷിക്കുന്നതിന്റെ ഒരു അടയാളവും ലഭിക്കുന്നില്ല. ഇങ്ങിനെയൊരു ജീവിവര്‍ഗ്ഗം ഉണ്ടായിരുന്നു എന്നത് തെളിയിക്കാന്‍ മലബാര്‍ വെരുകിനെപ്പോലെ ഒരു ജീവിക്കു വേണ്ടിയും ശാസ്ത്രലോകം ഇങ്ങിനെ കാത്തിരിക്കുന്നുണ്ടാകില്ല.കുറ്റിക്കാട്ടിലെ ഒളിയിടത്തില്‍ നിന്നുമുള്ള ഒരു പ്രത്യക്ഷപ്പെടല്‍,കാമറയില്‍ ഒരൊറ്റ സ്‌നാപ്പ്.അതുമതി ശാസ്ത്രലോകത്തിന്.അതിനായി കാത്തിരിപ്പു തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി.
ലോകത്ത് കേരളത്തിലെ ചില ജില്ലകളിലും കര്‍ണാടകയിലെ അപൂര്‍വ്വം ഇടങ്ങളിലും മാത്രമാണ് മലബാര്‍ വെരുക് കാണപ്പെട്ടിരുന്നത്. എട്ടു കിലോഗ്രാമാണ് ഭാരം.മറ്റു വെരുകുകളെക്കാള്‍ ചെറിയ വാലാണ് ഇവക്കുണ്ടാകുക.വാലില്‍ മുകളറ്റം മുതല്‍ താഴെ വരെയുള്ള ആറ് വെളുത്ത വളയങ്ങളാണ് മലബാര്‍ വെരുകിനെ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗ്ഗം.കഴുത്തു മുതല്‍ വാല്‍ വരെയുള്ള കറുപ്പും വെളുപ്പും വളങ്ങളും ഇവക്കുണ്ട്.
അസ്തിത്വം തെളിയിക്കാനാകാതെ
മലബാര്‍ സിവറ്റ് എന്ന ജീവിയെ കുറിച്ച് ജീവശാസ്ത്രര്‍ ഏറെ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇവയുടെ അസ്തിത്വം തെളിയിക്കുന്നതിന് ്ആകെയുള്ളത് രണ്ട് തുകലുകള്‍ മാത്രമാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിലായി ലഭിച്ച ഈ തുകലില്‍ നിന്നാണ് മലബാര്‍ വെരുകിന്റെ വലുപ്പം, ഭാരം ശരീരത്തിലെ വളയങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ധാരണയുണ്ടായത്.കേരളത്തില്‍ പത്തോളം ജില്ലകളിലും കര്‍ണാടകയില്‍ പശ്ചിമഘട്ട താഴ്‌വരയമായി ചേര്‍ന്ന ചിലയിടങ്ങളിലും ഒരുകാലത്ത് ഇവ ധാരാളമായി ഉണ്ടായിരുന്നു. പക്ഷേ, ഇങ്ങിനെയൊരു ജീവി വര്‍ഗ്ഗത്തെ കുറിച്ച് ശാസ്ത്രലോകത്തിന് തെളിവുദ്ധരിക്കാന്‍ പറ്റിയ വസ്തക്കള്‍ രണ്ട് തുകലുകള്‍ മാത്രമായി അവശേഷിക്കുകയാണ്.
2003ലാണ് അവസാനമായി മലബാര്‍ വെരുകിനെ കണ്ടതായി പറയുന്നത്.മലപ്പുറം ജില്ലയിലെ ചെമ്രക്കാട്ടൂരിനു സമീപത്തെ കുഴിപറമ്പില്‍ ശേഖരന്‍ വൈദ്യര്‍ മലബാര്‍ വെരുകിനെ ജീവനോടെ കെണിയില്‍ പിടിച്ചതായി പറയുന്നുണ്ട്.പക്ഷേ ഏറെ നേരം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ തുറന്നുവിടേണ്ടിവന്നു.2008ല്‍ പേപ്പാറ വന്യജീവി സങ്കേതത്തില്‍ കാണി വിഭാഗക്കാര്‍ ഇതിനെ കണ്ടതായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സര്‍വെ സംഘത്തോടു പറഞ്ഞിരുന്നു.പക്ഷേ ഇതൊന്നും വിശ്വാസയോഗ്യമായ തെളിവായി ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല.
2790 രാത്രികള്‍, 736 ഫോട്ടോകള്‍
മലബാര്‍ വെരുകിനെ കണ്ടെത്താനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കേരളത്തിലും കര്‍ണാടകത്തിലുമായി 2006-2007ല്‍ വിപുലമായ സര്‍വെ നടത്തിയിരുന്നു.എല്ലാവിധ സജ്ജീകരണങ്ങളോടെയും നടത്തിയ സര്‍വെയില്‍ കേരളത്തിലെ 66 വില്ലേജുകളിലും കര്‍ണാടകയിലെ 50 വില്ലേജുകളിലും സംഘം മാസങ്ങളോളം പരിശോധന നടത്തി.പശ്ചിമഘട്ട താഴ് വരിയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന മലബാര്‍ മലബാര്‍ വെരുകിന്റെ അസ്തിത്വം തെളിയിക്കുന്നതിനുള്ള അവസാന ശ്രമമായിരുന്നു അത്.കാമറ ട്രാപ്പ്,നേരിട്ടുള്ള തിരച്ചില്‍, പഗ്് ( കാല്‍പാട്) മാര്‍ക്ക് പരിശോധന, എന്നിവയെല്ലാമാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വൈല്‍ഡ് റസ്‌ക്യു ഡയറക്ടറും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ എന്‍ വി കെ അഷറഫിന്റെ നേതൃത്വത്തില്‍ നടത്തിയത്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം, തൃശൂര്‍, പാലക്കാട്,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്,കാസര്‍ഗോഡ് ജില്ലകളിലും കര്‍ണാടകയില്‍ ഉഡുപ്പി, മാംഗളൂര്‍ ഉള്‍പ്പടെ ഏഴു ജില്ലകളിലുമായിരുന്നു പരിശോധന.
കേരളത്തില്‍ നാലുമാസം കൊണ്ട് 66 വില്ലേജുകളിലായി 125 പേരെകണ്ട് വിവരങ്ങള്‍ ആരാഞ്ഞു.വന്യജീവികളുമായി ബന്ധമുള്ള വേട്ടക്കാര്‍,വെരുകുവളര്‍ത്തുന്നവര്‍, വനം വകുപ്പ് ജോലിക്കാര്‍,ആയുര്‍വ്വേദ ചികിത്സകര്‍. ആദിവാസികള്‍ എ്ന്നിവരെയാണ് സംഘം സന്ദര്‍ശിച്ചത്.പല പേരുകളിലായി അറിയപ്പെടുന്ന മലബാര്‍ സിവറ്റിനെകുറിച്ച് ഇവരെല്ലാം വിവരങ്ങള്‍ കൈമാറിയെങ്കിലും നേരിട്ടു കണ്ടവര്‍ അപൂര്‍വമായിരുന്നു.കേട്ടുകേള്‍വിയാണ് പലര്‍ക്കുമുണ്ടായിരുന്നത്.
35 എം എം കാമറയുമായി ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടര്‍ ഘടിപ്പിച്ച കാമറ ട്രാപ്പ് ഉപയോഗിച്ചും സര്‍വെ സംഘം മലബാര്‍ വെരുകിനെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.സെന്റര്‍ ഫോര്‍ ഇ്‌ലകട്രോണിക് ഡിസൈന്‍ ആന്റ് ടെക്‌നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സുമാണ് ഈ സംവിധാനം നിര്‍മിച്ചത്.18 മാസത്തെ സര്‍വെ കാലാവധിയില്‍ കേരളത്തില്‍ നാലിടങ്ങളില്‍ കാമറ വച്ചു.2006 മുതല്‍ 2007 വരെ വിവിധയിടങ്ങളിലായി മൂന്നു മാസ കാലാവധിയിലാണ് കാമറകെണി സ്ഥാപിച്ചത്.കണ്ണൂരിലും മലപ്പുറത്തും പത്തിടങ്ങളിലും തിരുവനന്തപുരത്ത് മൂന്നും വയനാട് ഒരിടത്തുമാണ് കാമറ വെച്ചത്.കര്‍ണ്ണാടകയില്‍ സോമേശ്വര,ബിലിഗിരിരങ്കന്‍, ശരാവതി വന്യജീവി സങ്കേതങ്ങളിലും കാമറ കെണിയുമായി മലബാര്‍ വെരുകിനെ കാത്തിരുന്നു.ആകെ 2790 രാത്രികള്‍. 736 ഫോട്ടോകള്‍.പനവെരുക്,ബ്രൗണ്‍ പനവെരുക്,ചെറിയ വെരുക് എന്നിവയുടെ നിരവധി പടങ്ങള്‍ കാമറയില്‍ പതിഞ്ഞു.ആന, കാട്ടുപോത്ത്,കടുവ എന്നിവയെല്ലാം കാമറകെണിയില്‍ കുടുങ്ങിയെങ്കിലും മലബാര്‍ വെരുകിന്റെ ഒരു തെളിവും ലഭിച്ചില്ല.പേപ്പാറ,പെരിയ വന്യജീവി സങ്കേതങ്ങളില്‍ സര്‍വേസംഘം നിരന്തരമായ തിരച്ചില്‍ നടത്തിയെങ്കിലും കാലടയാളം പോലും കണ്ടെത്താനായില്ല. കണ്ടെത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന മലപ്പുറം ജില്ലയിലെ എളയൂര്‍, ചെറുകോട് എന്നിവിടങ്ങളില്‍ നിന്നും ഒരു തെളിവും ലഭിച്ചില്ല. കേരളത്തോടു ചേര്‍ന്ന് കര്‍ണ്ണാടകയില്‍ നാലിടത്ത് മലബാര്‍ വെരുകിനെ കണ്ടതായി ആദിവാസികള്‍ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.പക്ഷേ ഇവയെല്ലാം പുള്ളിവെരുക് (ലാര്‍ജ് സ്‌പോട്ടഡ് സിവറ്റ്) ആയിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പേരാമ്പ്രക്കടുത്ത് മലബാര്‍ വെരുക് റോഡിലിറങ്ങിയെന്നും നാമാവശേഷമായ വെരുകിനത്തെ വീണ്ടും കണ്ടെത്തിയെന്നും പ്രചരിച്ചിരുന്നു. പക്ഷേ ഇത് മലബാര്‍ വെരുക് ആയിരുന്നില്ല. പുള്ളിവെരുക് ആയിരുന്നു അതും.
ഭാവി തലമുറക്കായി ഒരു പടംപോലും അവശേഷിപ്പിക്കാതെയാണ് മലബാര്‍ വെരുക് നാമാവശേഷമായത്. ഇതിന്റെ ഫോട്ടോ പോലും ആര്‍ക്കും ലഭിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കണ്ടതായി പറയുന്നവരുടെ വാക്കുകളല്ലാതെ കാണിക്കാവുന്ന ഒരു തെളുവുമില്ല. മലബാര്‍ വെരുകിനു വേണ്ടി സര്‍വ്വേകളെല്ലാം നിഷ്ഫലമായി അവസാനിച്ചുവെങ്കിലും ജീവശാസ്ത്രലോകം പ്രതീക്ഷ കൈവിട്ടിട്ടില്ല. പാടെ നാമാവശേഷമായി എന്നു കരുതിയ ചില ജീവിവര്‍ഗ്ഗങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണപ്പെട്ടിട്ടുണ്ട്. അതുപോലെ, ഇനിയും കൊല്ലപ്പെടാതെ, ഇത്തിരി മാംസത്തിനു വേണ്ടിയുള്ള നായാട്ടുകാരുടെ അത്യാര്‍ത്തിക്കു മുന്നില്‍ പിടഞ്ഞൊടുങ്ങാതെ ഒരുപക്ഷേ മലബാര്‍ വെരുക് എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിലോ? ഇല്ലെന്നു പറയുന്ന സത്യത്തേക്കാള്‍ ഉണ്ടെന്നു പറയുന്ന മിഥ്യയുടെ അരികുപറ്റിയെങ്കിലും ഇതിന്റെ അസ്തിത്വം തെളിയിക്കപ്പെടട്ടെ.