'ഒഴുകണം പുഴകള്‍': നദീ സംരക്ഷണ കാംപയിന്‍ ആരംഭിച്ചു
സെമിനാറുകള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍, പുഴനടത്തങ്ങള്‍, പുഴയാത്രകള്‍, പുഴയോരജൈവസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരികപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.
കോട്ടയം: പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞയും നദീസംരക്ഷണപ്രവര്‍ത്തകയുമായ ഡോ. എ ലതയോടുള്ള ആദരപൂര്‍വ്വം സംസ്ഥാനത്തുടനീളം രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ' ഒഴുകണം പുഴകള്‍' നദീ സംരക്ഷണ കാംപയിന്‍ ആരംഭിച്ചു. മീനച്ചില്‍ പുഴത്തടത്തിലെ പാലാ അല്‍ഫോണ്‍സാ കോളജില്‍ വെച്ച് കവി പ്രഫ. വി മധുസൂദനന്‍ നായര്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. പുഴയെ നാമോരോരുത്തരും ഉപയോഗിച്ചുതുടങ്ങുന്ന പഴയ ശീലത്തിലേക്ക് തിരിച്ചുപോയെങ്കില്‍ മാത്രമേ നമുക്ക് പുഴകളെ രക്ഷിക്കാനാകൂ എന്ന് ഓര്‍മ്മിപ്പിച്ചു. പുഴകള്‍ വീണ്ടെടുക്കാന്‍ നമ്മള്‍ മഴകളാകണം. ഒരു നല്ല പുഴയിലിറങ്ങാനുള്ള യോഗമില്ലാത്ത തരത്തില്‍ പുഴകളെ പ്ലാസ്റ്റിക് കുപ്പികളിലേക്ക് ചുരുക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടുമുമ്പ് മലയാളികള്‍ കുപ്പിവെള്ളം വാങ്ങി കുടിക്കേണ്ടിവരുമെന്ന് പറഞ്ഞ തന്നെ പരിസ്ഥിതി മൗലികവാദി എന്ന് വിളിച്ച കേരളത്തില്‍ ഇന്ന് കുപ്പിവെള്ളം മാത്രമാണ് പ്രളയത്തില്‍പ്പോലും നമ്മള്‍ ഏറെ ആശ്രയിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
റിവര്‍ റിസര്‍ച്ച് സെന്റര്‍ അംഗം എസ് ഉണ്ണിക്കൃഷ്ണന്‍ യോഗത്തില്‍ സ്വാഗതമര്‍പ്പിച്ചു. മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടിപുഴ സംരക്ഷണ സമിതി പ്രതിനിധി എസ് പി രവി ഈ ക്യാംപെയ്‌ന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും അവതരിപ്പിച്ചു. പാലാ അല്‍ഫോണ്‍സാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ എം ജി ജിജിമോള്‍, മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. ശേഷം കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുഴകളുടെ സംരക്ഷണത്തെ മുന്‍നിര്‍ത്തി മാതൃകാനിയമസഭയും നടത്തി.
ലോകജലദിനമായ മാര്‍ച്ച് 22 വരെയാണ് ക്യാംപെയ്ന്‍ നടക്കുക. പുഴത്തടങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്യാംപെയ്‌ന്റെ ഭാഗമായി ഉണ്ടാകും. സെമിനാറുകള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍, പുഴനടത്തങ്ങള്‍, പുഴയാത്രകള്‍, പുഴയോരജൈവസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരികപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.