കടല്‍പായലില്‍നിന്നും പ്രമേഹമുള്‍പ്പെടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഔഷധം; സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം
കോഴിക്കോട്: കടല്‍പായലില്‍നിന്നും പ്രമേഹമുള്‍പ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രവര്‍ത്തിക്ക് ദേശീയ അംഗീകാരം. കാര്‍ഷികകര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നോര്‍മന്‍ ബോര്‍ലോഗ് ദേശീയപുരസ്‌കാരമാണ് കാജല്‍ ചക്രവര്‍ത്തിക്ക് ലഭിച്ചത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം നല്‍കുന്ന ഈ പുരസ്‌കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം. ഇതിനു പുറമെ, അനുയോജ്യമായ ഗവേഷണ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അഞ്ചു വര്‍ഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും.
കാര്‍ഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാണ് ഡോ. കാജലിന് ഈ പുരസ്‌കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്2 പ്രമേഹം, അമിതവണ്ണം, അമിതരക്തസമര്‍ദം, തൈറോയിഡ്, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍പായലില്‍നിന്നു വികസിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ നേട്ടങ്ങളില്‍പെടുന്നു. കൊവിഡ് മഹാമാരിയുടെ വരവോടെ വികസിപ്പിച്ച രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായകമായ ഇമ്യൂണ്‍ബൂസ്റ്ററാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവിലായി ഡോ. കാജല്‍ വികസിപ്പിച്ചത്.
ഇതുള്‍പ്പെടെ, ഐസിഎആറിന്റെ 93ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത പുരസ്‌കാരങ്ങളില്‍ നാലെണ്ണം സിഎംഎഫ്ആര്‍ഐക്ക് ലഭിച്ചു. മികച്ച ഡോക്ടറല്‍ പ്രബന്ധത്തിന് നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം സിഎംഎഫ്ആര്‍ഐയില്‍ ഗവേഷകവിദ്യാര്‍ഥിയായ ഡോ. ഫസീന മക്കാറിന് ലഭിച്ചു. കൂടാതെ, ഔദ്യോഗിക ഭാഷാനയം മികവോടെ നടപ്പിലാക്കിയതിന് രാജര്‍ഷി ടാന്‍ഡന്‍ രാജ്ഭാഷ പുരസ്‌കാരവും സിഎംഎഫ്ആര്‍ഐ നേടി. 11ാമത് തവണയാണ് സിഎംഎഫ്ആര്‍ഐക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച ഹിന്ദി മാഗസിനുള്ള ഗണേഷ ശങ്കര്‍ വിദ്യാര്‍ഥി പുരസ്‌കാരത്തിന് സിഎംഎഫ്ആര്‍ഐയുടെ ഹിന്ദി മാഗസിനായ 'മത്സ്യഗന്ധ' അര്‍ഹമായി. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.