കൊല്ലത്ത് ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയം; ഒരാള്‍ അറസ്റ്റില്‍
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളി കറുത്തേരി മുക്കില്‍ അനന്ത കൃഷ്ണാലയത്തില്‍ അനന്തകൃഷ്ണന്‍(19) പിടിയിലായത്. തമാശയ്ക്ക് ചെയ്‌തെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
കൊല്ലം: ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയില്‍ ചങ്ങന്‍കുളങ്ങരയില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ല് നിരത്തി ചെന്നൈ മെയില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളി കറുത്തേരി മുക്കില്‍ അനന്ത കൃഷ്ണാലയത്തില്‍ അനന്തകൃഷ്ണന്‍(19) പിടിയിലായത്. തമാശയ്ക്ക് ചെയ്‌തെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കൂടെയുണ്ടായിരുന്ന കണ്ണന്‍, അനന്തു എന്നിവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കൊല്ലം റെയില്‍വേ എസ്‌ഐ വിനോദ് പ്രഭാകരന്‍ പറഞ്ഞു. ഇന്ന് രാവിലെ 6.20ഓടെയാണു സംഭവം. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. ചങ്ങന്‍കുളങ്ങര ഭാഗത്തെ ബിസ്‌ക്കറ്റ് ഫാക്ടറിക്ക് മുന്നിലാണു സംഭവം.
കരിങ്കല്ല് വച്ച സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്ററോളം എത്തുന്നതിന് മുമ്പ് ട്രാക്കില്‍ അസ്വാഭാവികമായി എന്തോ വസ്തു കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാറക്കഷ്ണം വച്ചതിന് 10 മീറ്ററോളം അപ്പുറത്തായി ട്രാക്കില്‍ മെറ്റല്‍ കൂനയും കൂട്ടിവച്ചിരുന്നു. ലോക്കോ പൈലറ്റും ട്രെയിനില്‍ ഡ്യൂട്ടിയിലായിരുന്ന റെയില്‍വേ പോലിസും തടസ്സ നീക്കിയ ശേഷം പരിസരം വീക്ഷിക്കുന്നതിനിടെ മൂന്ന് യുവാക്കളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതോടെ ഇവരെ ചോദ്യം ചെയ്തു.
ഓച്ചിറയില്‍ പന്ത്രണ്ട് വിളക്ക് മഹോത്സത്തിന് പോയ ശേഷം രാവിലെ മടങ്ങുകയായിരുന്നു യുവാക്കള്‍. ട്രെയിനിന് എന്ത് സംഭവിക്കുമെന്ന് അറിയാനാണു ട്രാക്കിന് പരിസരത്ത് തന്നെ നിന്നതെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞു. അനന്തകൃഷ്ണനെ കൊല്ലം റെയില്‍വേ പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. തുടര്‍ന്നുള്ള അന്വേഷണത്തിനായി പ്രതിയെ ആര്‍പിഎഫിന് കൈമാറുമെന്ന് റെയില്‍വേ പോലിസ് പറഞ്ഞു. തടസ്സം നീക്കി 20 മിനിറ്റിനു ശേഷമാണ് ചെന്നൈ മെയില്‍ യാത്ര തുടര്‍ന്നത്.