കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് 2 അന്തേവാസികള്‍ ചാടിപ്പോയ സംഭവം;പോലിസ് അന്വേഷണം ആരംഭിച്ചു

സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു

Update: 2022-02-14 09:10 GMT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 2 അന്തേവാസികള്‍ ചാടിപ്പോയി.ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്.സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഇരുവരും അടുത്തിടെയാണ് ഇവിടെ എത്തിയത്.നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു.

കൊലപാതകം നടന്ന അതേ വാര്‍ഡിലുള്ള അന്തേവാസിയാണ് ഉമ്മുക്കുല്‍സു. വെള്ളം നനച്ച് കുതിര്‍ത്തശേഷം പ്ലേറ്റ് ഉപയോഗിച്ച് ചുമര് തുരന്നാണ് ഉമ്മുക്കുല്‍സു പുറത്ത് കടന്നതെന്ന് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തില്‍ നാല് പുരുഷ സുരക്ഷാജീവനക്കാര്‍ മാത്രമാണ് ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്.

അന്തേവാസിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പോലിസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നും കമ്മീഷന്‍ പരിശോധിക്കും.

Tags:    

Similar News