ലോക്ക് ഡൗണിനിടെ കുടിവെള്ളവും ലഭ്യമല്ലാതെ ദുരിതത്തിലായി നാട്ടുകാര്‍

വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 12 കുടുംബങ്ങളാണ് മൂന്ന് മാസത്തോളമായി കുടിവെളളമില്ലാതെ കഷ്ടപ്പെടുന്നത്.

Update: 2020-05-14 11:56 GMT

ചെറുതുരുത്തി: ലോക്ക് ഡൗണിനിടെ കുടിവെള്ളവും ലഭ്യമല്ലാതെ ദുരിതത്തിലായി നാട്ടുകാര്‍. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 12 കുടുംബങ്ങളാണ് മൂന്ന് മാസത്തോളമായി കുടിവെളളമില്ലാതെ കഷ്ടപ്പെടുന്നത്.

12 ആം വാര്‍ഡിലെ പള്ളിക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 15 വര്‍ഷത്തോളമായി ലഭിച്ചിരുന്ന കുടിവെള്ള കണക്ഷന്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് അതികൃതര്‍ കട്ട് ചെയ്തത്.

കണക്ഷന് വേണ്ട ചിലവുകള്‍ വഹിച്ചും മോട്ടര്‍ റിപ്പയറിങ് ഉള്‍പ്പെടെ ആവശ്യമായ സമയങ്ങളിലെല്ലാം അതിന്റെ വിഹിതം നല്‍കിയും മാസാന്തര വരിസംഖ്യ കൊടുത്തും ലഭ്യമായിരുന്ന കുടിവെള്ളമാണ് ഇപ്പോള്‍ ലഭിക്കാത്തത്.

കഴിഞ്ഞ മാസത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടിയുമായിട്ടില്ല.

കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അടുത്തുള്ള വീടുകളില്‍ നിന്ന് വെള്ളം കൊണ്ട് വരല്‍ ഏറെ പ്രയാസകരവും റോഡിലൂടെ പോകുമ്പോള്‍ പല തവണ പോലിസ് തടയുകയും ചെയ്തിട്ടുള്ളതായും പരിസരവാസികള്‍ പറഞ്ഞു.

നിലവില്‍ കിട്ടിയിരുന്ന കിണറില്‍ വെള്ളമില്ലെന്ന് പറയുകയും പിന്നീട് രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ പുതിയ കണക്ഷനുകള്‍ നല്‍കിയതായും വ്യാപക പരാതിയുണ്ട്.

എത്രയും പെട്ടെന്ന് നിലവില്‍ ലഭിച്ചിരുന്ന കിണറില്‍ നിന്ന് വെള്ളം ലഭ്യമാക്കുകയും ഇല്ലെങ്കില്‍ തൊട്ടടുത്ത് പുതുതായി സ്ഥാപിച്ച കിണറില്‍ നിന്ന് വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ചെയ്യുകയും വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 

Tags:    

Similar News