പെരിന്തല്‍മണ്ണയിലും മങ്കടയിലും വന്‍ ലഹരിവേട്ട;പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകളുമായി നാലു പേര്‍ അറസ്റ്റില്‍
അരിപ്ര സ്‌ക്കൂള്‍പടി സ്വദേശി പുതിയങ്ങാടി താജുദ്ദീന്‍(36),ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി ചാത്തംകുളം ഫഹദ്(31), മാരായമംഗലം സ്വദേശി കൂരിക്കാട്ടില്‍ അഫ്‌സല്‍(28),പെരിന്തല്‍മണ്ണ സ്വദേശി നെച്ചിയില്‍ അബ്ദുള്‍ റഫീഖ്(52) എന്നവരാണ് പോലീസിന്റെ പിടിയിലായത്.മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ,മങ്കട പോലിസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജില്ലയില്‍ വില്‍പ്പനനടത്താനായി തയ്യാറാക്കിയ ഹാന്‍സിന്റെ വന്‍ ശേഖരം പിടിച്ചെടുത്തത്.
എസ്‌ഐമാരായ സികെ നൗഷാദ്, ഒ രമാദേവി,മങ്കട എസ്‌ഐ അലവിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം നടത്തിയ മിന്നല്‍പരിശോധനയിലാണ് ജില്ലയിലെ മുഖ്യവില്‍പ്പനക്കാരനടക്കം നാലു പേര്‍ പിടിയിലായത്. വീട്ടിലൊളിപ്പിച്ചനിലയില്‍ 25 ചാക്കുകളിലായി 15000 പായ്ക്കറ്റ് ഹാന്‍സുമായി മൊത്തവിതരണക്കാരനായ താജുദ്ദീനെയും തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ 5000 പായ്ക്കറ്റ് ഹാന്‍സുമായി ഫഹദ്,അഫ്‌സല്‍, അബ്ദുള്‍ റഫീഖ് എന്നിവരെയും പോലിസ് പിടികൂടുകയായിരുന്നു.
താജുദ്ദീന്റെ വീട്ടില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ പതിനയ്യായിരത്തോളം ഹാന്‍സ് പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. കാറില്‍ ഒളിപ്പിച്ച് കടത്തിയ അഞ്ച് ചാക്ക് ഹാന്‍സുമായാണ് വല്ലപ്പുഴ സ്വദേശികള്‍ പെരിന്തല്‍മണ്ണയില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്.തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരിന്തല്‍മണ്ണ ടൗണിലെ നെച്ചിയില്‍ സ്‌റ്റോര്‍സ് എന്ന കടയില്‍ നിന്നും അഞ്ഞൂറിലധികം ഹാന്‍സ് പായ്ക്കറ്റുകളും പിടിച്ചെടുത്തത്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍,പെരിന്തല്‍മണ്ണ സിഐമാരായ സുനില്‍ പുളിക്കല്‍,മങ്കട സിഐ യു ഷാജഹാന്‍, എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐമാരായ സി കെ നൗഷാദ്,ഒ രമാദേവി,മങ്കട എസ് ഐ അലവിക്കുട്ടി എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.