'പട്ടിണിയിലായ ഞങ്ങളുടെ മക്കള്‍ക്കും അരി വാങ്ങണം'; സത്യാഗ്രഹ സമരവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമരം നടത്തിയത്.

Update: 2020-05-06 04:42 GMT

അങ്ങാടിപ്പുറം: ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചതോടെ ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കൂ എന്ന അപേക്ഷയുമായി സത്യാഗ്രഹ സമരം നടത്തുകയാണ് അങ്ങാടിപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍.

ലോക്ക് ഡൗണ്‍ ആരംഭിച്ച് ഒന്നര മാസമായതിനാല്‍ കുടുംബം പോറ്റാന്‍ മറ്റു വഴികളില്ലാതെ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് ഓട്ടോറിക്ഷ തൊഴിലാളികള്‍ സംസ്ഥാനത്ത് പട്ടിണിയും , പരിവട്ടവുമായി നരകിക്കുമ്പോള്‍ ഓട്ടോറിക്ഷകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സത്യഗ്രഹം നടത്തിയത്.

ടാക്‌സികള്‍ക്ക് ഓടാന്‍ അനുവാദം നല്‍കിയ മുഖ്യമന്ത്രി ഞങ്ങളും ടാക്‌സിയാണെന്ന കാര്യം വിസ്മരിച്ചതുകൊണ്ടല്ലെ ഞങ്ങളെ ഓടാന്‍ അനുവദിക്കാത്തതെന്നും സമരക്കാര്‍ ചോദിക്കുന്നു. മുഴുപട്ടിണിയിലായ ഞങ്ങളെ സഹായിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ടാക്‌സി വിഭാഗത്തില്‍ പെടുന്ന ഓട്ടോറിക്ഷകളെ ഓടാന്‍ നിയമത്തില്‍ ഇളവു നല്‍കണമെന്നും സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു.

അങ്ങാടിപ്പുറത്തെ ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ പി ടി മാത്യു, മുസ്തഫ കളത്തില്‍, ഫൈസല്‍, കെ ടി ജബ്ബാര്‍ എന്നിവരാണ് പ്രതീകാത്മക സത്യഗ്രഹം നടത്തുന്നത്.

സമരം ഓണ്‍ ലൈനിലൂടെ ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ എ കരീം ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസിസി വൈസ് പ്രസിഡന്റ് പി രാധാകൃഷ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എസ് അനീഷ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. 

Tags:    

Similar News