അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം;വയ്യാവേലിയെന്നും ആക്ഷേപം
ഡ്രൈവര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് പരിഷ്‌കരണം ചര്‍ച്ച ചെയ്യും
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പുതിയ പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍.അതേസമയം വീതി കുറഞ്ഞ റോഡിലൂടെയുള്ള പുതിയ പരിഷ്‌കരണങ്ങള്‍ വയ്യാവേലിയായേക്കുമെന്നും ആക്ഷേപമുണ്ട്.
ആദ്യപടിയായി കഴിഞ്ഞ ദിവസം മഞ്ഞളാംകുഴി അലി എംഎല്‍എ പോലിസ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു.പോലിസ്, മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് വിഷയം പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുമാന്ധാംകുന്ന് ക്ഷേത്രം ജംക്ഷനിലെ വാഹനങ്ങളുടെ ക്രോസിങ് ഒഴിവാക്കി വണ്‍വേ ആക്കുന്നതാണ് പരിഗണനയിലുള്ള പ്രധാന പരിഷ്‌കാരം. ബസുകള്‍ സ്‌റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്താന്‍ അനുവദിക്കൂ.തിരുമാന്ധാംകുന്ന് റോഡില്‍ നിന്ന് വരുന്ന ചെറു വാഹനങ്ങള്‍ നേരിട്ട് മലപ്പുറം ഭാഗത്തേക്ക് കടത്തി വിടാതെ ഇടതുചേര്‍ന്ന് മേല്‍പാലം പരിസരത്തുപോയി അവിടെ നിന്ന്തിരിച്ചുവരും വിധമാണ് ഒരു ക്രമീകരണം.പരിയാപുരം ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ സമാന രീതിയില്‍ ഇടതു ചേര്‍ന്ന് അങ്ങാടിപ്പുറം മലപ്പുറം റോഡിലെത്തി തിരിച്ചു പോകുന്നതാണ് മറ്റൊരു പരിഷ്‌കരണം.ഡ്രൈവര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് പരിഷ്‌കരണം ചര്‍ച്ച ചെയ്യും.
അങ്ങാടിപ്പുറം ജംക്ഷന്‍ മുതല്‍ മേല്‍പാലം വരെ റോഡിലെ പാര്‍ക്കിങ് ഒഴിവാക്കിയാലേ നടപടികള്‍ കാര്യക്ഷമമാകൂ എന്ന അഭിപ്രായവും ശക്തമാണ്. വീതി കുറഞ്ഞ റോഡില്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കുരുക്ക് വര്‍ധിപ്പിച്ചേക്കുമെന്നും ആക്ഷേപമുണ്ട്.