കൊല്ലം നിലമേലിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഭാര്യയേയും മക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊല്ലം: കൊല്ലം നിലമേലിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലമേൽ കൈതോട് സ്വദേശിക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു.
ഇയാൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആളാണ്. ഇയാളോടൊപ്പം ഭാര്യയും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മടങ്ങിയെത്തിയ ഇവരും കുടുംബവും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ ശ്രവ പരിശോധനയിൽ ഭർത്താവിന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഭാര്യയേയും മക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 23 നാണ് ഇവർ വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ചേരുന്നത് . ഇവിടെ നിന്നും ടാക്സിയിൽ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവരെ എത്തിച്ച കാർ ഡ്രൈവറേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ 19 വരെ ഡൽഹിയിലും തുടർന്ന് 19ന് വൈകിട്ട് മുംബയിൽ എത്തി. 32 ദിവസം അവിടെ തങ്ങിയ ശേഷം 23ന് മുബൈയിൽ നിന്ന് ഹൈദരാബാദ് വഴി വിമാന മാർഗം തിരുവനന്തപുരം എത്തിച്ചേരുകയും ഇവിടെ നിന്നും വീട്ടിലേക്ക് കാറിൽ എത്തുകയുമായിരുന്നു.