എംഎല്‍എ വിആര്‍ സുനില്‍കുമാറിന്റെ നിരന്തര ഇടപെടല്‍;വൈന്തോട് പാലവും റോഡും പുനര്‍നിര്‍മ്മാണം തുടങ്ങി

മൂന്ന് കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലവും റോഡും ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎല്‍എ ഓഫിസ് അറിയിച്ചു

Update: 2022-01-06 05:18 GMT

മാള: മാളഗ്രാമപഞ്ചായത്തിലെ കോട്ടമുറി കൊടവത്തുകുന്ന് റോഡും വൈന്തോട് പാലവും പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ തടസ്സപ്പെട്ടത് പുനരാരംഭിച്ചു. 2018ലെ പ്രളയത്തില്‍ തകര്‍ന്ന ഈ റോഡും പാലവും പുനര്‍നിര്‍മ്മാണം പല സങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.എന്നാല്‍ എംഎല്‍എ വിആര്‍ സുനില്‍കുമാറിന്റെ നിരന്തര ഇടപെടല്‍ മൂലം പുനര്‍നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്.മൂന്ന് കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലവും റോഡും ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎല്‍എ ഓഫിസ് അറിയിച്ചു.

പാലവും അപ്രോച്ച് റോഡും പുനര്‍നിര്‍മ്മിക്കാനായി പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരന്‍ എഗ്രിമെന്റ് ഒപ്പുവെയ്ക്കുകയും ചെയ്‌തെങ്കിലും ഈ വഴിയിലൂടെ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനുകളും, കെഎസ്ഇബി പോസ്റ്റുകളും മാറ്റിസ്ഥാപിക്കേണ്ടത് ഉണ്ടായിരുന്നു. വിആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ഇടപെടല്‍ മൂലം നിര്‍മ്മാണ പ്രവൃത്തിക്ക് 2020 സെപ്റ്റംബര്‍ മാസം തുടക്കം കുറിക്കാന്‍ സാധിച്ചെങ്കിലും പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന് മറ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ കാലതാമസം നേരിട്ടു. എന്നാല്‍ എം എല്‍ എ അടിയന്തിര ഇടപെടല്‍ നടത്തി.

വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 15 ലക്ഷം രൂപ 2020 ഡിസംബര്‍ മാസം 30 ന് വാട്ടര്‍ അതോറിറ്റിക്ക് കൈമാറാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ത്രിതല പഞ്ചായത്ത്, നിയമസഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുമൂലം മെയ് മാസത്തിലാണ് വാട്ടര്‍ അതോറിറ്റി ടെന്‍ഡര്‍ നടത്തി കരാറുകാരനെ കണ്ടെത്താന്‍ സാധിച്ചത്. ടെന്‍ഡര്‍ പ്രകാരം 10 ശതമാനം സംഖ്യ കൂടുതലായതിനാല്‍ ആ തുകക്ക് വേണ്ടി വീണ്ടും സര്‍ക്കാര്‍ അനുമതി ആവശ്യമായി വന്നു.

സങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം വീണ്ടും വൈകുന്നതിനാല്‍ എംഎല്‍എ നിയമസഭയില്‍ ഈ വിഷയം സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ചെങ്കിലും ഇതിനിടേ പൊതുമരാമത്ത് കരാറുകാരന്‍ നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലവര്‍ദ്ധനവ് വന്നതിനാല്‍ തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും പണി നിര്‍ത്തി വെക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവന്തപുരത്ത് യോഗം വിളിക്കുകയും കരാറുകാരന്‍ ചെലവഴിച്ച തുക നല്‍കി കരാറുകാരനെ നീക്കം ചെയ്യുവാനും പുതിയ കരാറുകാരനെ കണ്ടെത്തുവാനും തീരുമാനം എടുത്തു.അതു പ്രകാരമാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചത്.ഈ കാരണങ്ങള്‍ മറച്ചുവെച്ച് ചിലര്‍ രാഷ്ട്രിയ മുതലെടുപ്പിന് ശ്രമിച്ചെങ്കിലും എംഎല്‍എ യുടെ ശക്തമായ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ സാധിച്ചു.



Tags:    

Similar News