ഗസയുടെ പുനര്‍നിര്‍മാണം: ഈജിപ്തില്‍നിന്നുള്ള വിദഗ്ധസംഘമെത്തി

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഡിഗറുകള്‍, ട്രക്കുകള്‍, ക്രെയിനുകള്‍ എന്നിവയടങ്ങിയ സഹായ സംഘത്തെയാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ഗസയിലേക്ക് അയച്ചത്.

Update: 2021-06-07 10:54 GMT

ഗസാ സിറ്റി: വ്യോമാക്രമണങ്ങളിലൂടെയും ഷെല്ലാക്രമണങ്ങളിലൂടെയും ഇസ്രായേല്‍ അധിനിവേശ സൈന്യം തകര്‍ത്തെറിഞ്ഞ ഗസാ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിന് നിലം ഒരുക്കുന്നതിനായി അയല്‍രാജ്യമായ ഈജിപ്ത് വിദഗ്ധ സംഘത്തെ അയച്ചു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഡിഗറുകള്‍, ട്രക്കുകള്‍, ക്രെയിനുകള്‍ എന്നിവയടങ്ങിയ സഹായ സംഘത്തെയാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ഗസയിലേക്ക് അയച്ചത്.

പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും അടങ്ങിയ സംഘം റഫ അതിര്‍ത്തി കടന്നതായി ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത ഗസയുടെ പുറം ലോകത്തേക്കുള്ള ഏക പാതയാണ് ഈജിപ്തിന്റെ കനത്ത സുരക്ഷയുള്ള റഫ ക്രോസിംഗ്.

ഏകദേശം രണ്ടു കോടി ജനങ്ങള്‍ അധിവസിക്കുന്ന അതീവ ജനസാന്ദ്രതയേറിയ ഗസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിസി 50 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഇസ്രയേല്‍ ഇവിടെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 250 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈജിപ്തില്‍നിന്നുള്ള 50 വാഹനങ്ങളടങ്ങിയ വ്യൂഹം അതിര്‍ത്തി കടന്നതായി പലസ്തീന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പുനര്‍നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് ഈജിപ്ത് നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായി ഹമാസ് വക്താവ് ഹസീം കാസിം ആവര്‍ത്തിച്ചു.

യുദ്ധത്തില്‍ 1,500 ഭവന യൂണിറ്റുകള്‍ പൂര്‍ണമായും 1,500 ഭവന യൂണിറ്റുകള്‍അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധവും തകര്‍ന്നതായും 17,000 പേര്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചതായും ഗസയിലെ ഭവന മന്ത്രാലയം അറിയിച്ചു. ഗസയുടെ പുനര്‍നിര്‍മാണത്തിന് 150 മില്യണ്‍ ഡോളര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News