ഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
ഗസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്ത് തങ്ങളെ പിന്നില്‍നിന്നു കുത്തിയെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ).
ഗസാ സിറ്റി: ഇസ്രായേല്‍ അധിനിവേശ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസ മുനമ്പില്‍ കഴിഞ്ഞ ആഴ്ച നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 17 കുട്ടികള്‍ ഉള്‍പ്പെടെ 48 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ടിനെതിരേ ഇസ്‌ലാമിക രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ഗസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്ത് തങ്ങളെ പിന്നില്‍നിന്നു കുത്തിയെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ).
വെള്ളിയാഴ്ച ഇസ്രായേല്‍ ഗസ മുനമ്പില്‍ ബോംബാക്രമണം ആരംഭിക്കുന്നതിന് കേവലം നാലു മണിക്കൂര്‍ മുമ്പ് ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തെ സമീപിക്കുകയും ഇസ്രായേല്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും രണ്ട് പിഐജെ നേതാക്കളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുമെന്നും ഞായറാഴ്ച ചേരുന്ന ഇസ്രായേല്‍ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു അറിയിച്ചിരുന്നു.
ഇസ്രായേല്‍ ആദ്യ വ്യോമാക്രമണം നടത്തുന്നതിന് നാല് മണിക്കൂര്‍ ഇരുപത് മിനിറ്റ് മുമ്പ് പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈജിപ്ഷ്യന്‍ മധ്യസ്ഥനായ ബ്രിഗേഡിയര്‍ അഹമ്മദ് അബ്ദുള്‍ ഖാലിഖ് പിഐജെയുടെ രാഷ്ട്രീയ ബ്യൂറോയിലെ മുതിര്‍ന്ന അംഗത്തിന് ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് പിഐജെയോട് അടുത്ത വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഗസയ്‌ക്കെതിരേ ഇസ്രായേല്‍ ഏറ്റവും ഒടുവിലായി നടത്തിയ ആക്രമണത്തിന് മുമ്പുള്ള ചര്‍ച്ചകളുടെ ആദ്യ വിശദമായ വിവരണത്തില്‍, ഇസ്രായേല്‍ അതിന്റെ ഏറ്റവും പുതിയ ബോംബിംഗ് കാംപെയിന്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കെയ്‌റോ വഹിച്ച പങ്കിനെക്കുറിച്ച് പിഐജെക്ക് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളോട് 'കടുത്ത പക' ഉണ്ടെന്നും മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു.
തങ്ങളെ ഈജിപ്തുകാര്‍ ഒറ്റിക്കൊടുത്തുവെന്നും അവര്‍ ഈ കളിയുടെ ഭാഗമായിരുന്നുവെന്നു പിഐജെ കരുതുന്നതോടൊപ്പം തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കി പ്രത്യാക്രമണത്തിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍നിന്നു തങ്ങളെ തടഞ്ഞെന്നും പിഐജെ വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
'വ്യോമാക്രമണത്തിന് തൊട്ടുമുമ്പ് ഈജിപ്തുകാര്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും സൂചനകളും നല്‍കിയതായി അവര്‍ കരുതുന്നു. ഈ വിവരങ്ങളുടെ ഫലമായി ഇസ്‌ലാമിക് ജിഹാദ് വിശ്രമിക്കുകയും പ്രത്യാക്രമണത്തിന് തയ്യാറാവുകയും ചെയ്തിരുന്നില്ല.'പരോക്ഷമായ ചര്‍ച്ചകളില്‍ ഒരു 'വഴിത്തിരിവ്' ഉണ്ടായിട്ടുണ്ടെന്ന് പിഐജെയുടെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ഖാലിദ് അല്‍ബാത്ഷിനോട് അബ്ദുള്‍ ഖാലിഖ് തെറ്റിദ്ധരിപ്പിച്ചെന്നും' പിഐജെയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഞായറാഴ്ച വരെ ഞങ്ങള്‍ക്ക് സമയം നല്‍കുവെന്നും ഇക്കാര്യം ഇസ്രായേലിന്റെ രാഷ്ട്രീയ നേതാക്കളെകൊണ്ട് ഇക്കാര്യം ഇസ്രായേലി നേതാക്കളെ സമ്മതിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മുഖേന ഇസ്രായേലി രഹസ്യാന്വേഷണ ഏജന്റുമാര്‍ പിഐജെക്ക് സന്ദേശം കൈമാറിയിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.