വെടിനിര്‍ത്തലിന് സജ്ജം; ഖത്തറിന്റെയും ഈൗജിപ്തിന്റെയും മധ്യസ്ഥത തേടി ഇസ്രായേല്‍
തെല്‍ അവീവ്: ഗസയില്‍ കരയുദ്ധത്തിനിടെ കനത്ത തിരിച്ചടികള്‍ നേരിടുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കിടെ ഹമാസുമായി രണ്ടാമതും വെടിനിര്‍ത്തലിന് സാധ്യത തേടി ഇസ്രായേല്‍ ഖത്തറിനെയും ഈജിപ്തിനെയും സമീപിച്ചു. പ്രമുഖ ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരെ കൈമാറുകയാണെങ്കില്‍ വെടിനിര്‍ത്തലിന് ഒരിക്കല്‍ കൂടി ഒരുക്കമാണെന്നാണ് ഇസ്രായേല്‍ അറിയിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഈജിപ്ഷ്യന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഹാരെറ്റ്‌സില്‍ പറയുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതും ഇതിനായുള്ള വെടിനിര്‍ത്തലും സംബന്ധിച്ച് അമേരിക്കയുടെ സാരഥ്യത്തില്‍ ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരുമെന്നും ഹാരെറ്റ്‌സ് റിപോര്‍ട്ടു ചെയ്തു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെയും ഇസ്രായേല്‍ ജയിലിലുള്ള ഫലസ്തീനികളെയും പരസ്പരം മോചിപ്പിക്കാമെന്ന കരാറില്‍ നേരത്തേ ഖത്തറിന്റെ മധ്യസ്ഥതയില്‍ ആദ്യ വെടിനിര്‍ത്തല്‍ നവംബര്‍ 24ന് പ്രാബല്യത്തില്‍ വന്നിരുന്നു. നാലു ദിവസത്തേക്ക് വെടിനിര്‍ത്തുകയും ഇരുവിഭാഗത്തെയും ഏതാനും പേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടുദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടി. പിന്നീട് ഡിസംബര്‍ ഒന്നിനാണ് വീണ്ടും യുദ്ധം പുനരാരംഭിച്ചത്. അതിനിടെ, ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തിരുന്നു. 13 അംഗങ്ങള്‍ വെടിനിര്‍ത്തലിനെ അനുകൂലിച്ചപ്പോള്‍ യുഎസ് മാത്രമാണ് എതിര്‍ത്തത്. ബ്രിട്ടന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18205 ആയി ഉയര്‍ന്നു.