ഈജിപ്തില്‍ അല്‍സീസിയുടെ പതനം ആസന്നമോ?
തകര്‍ന്നടിഞ്ഞ ഈജിപ്ഷ്യന്‍ സാമ്പത്തിക മേഖലയും കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖലയ്ക്ക് ഇതുവരെ തിരിച്ചുവരാനാവാത്തതും രാജ്യത്തെ ക്രമസമാധാന തകര്‍ച്ചയും അല്‍സീസിയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ശക്തമായ ആഭ്യന്തര പ്രതിസന്ധിയില്‍ ആടിയുലയുകയാണ് ഈജിപ്ത്തിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി ഭരണകൂടമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. അല്‍സീസിയുടെ പതനം ആസന്നമെന്ന തരത്തിലാണ് ഈജിപ്ഷ്യന്‍ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍. തകര്‍ന്നടിഞ്ഞ ഈജിപ്ഷ്യന്‍ സാമ്പത്തിക മേഖലയും കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖലയ്ക്ക് ഇതുവരെ തിരിച്ചുവരാനാവാത്തതും രാജ്യത്തെ ക്രമസമാധാന തകര്‍ച്ചയും അല്‍സീസിയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഗവണ്‍മെന്റിലോ സമ്പദ്‌വ്യവസ്ഥയിലോ സൈനിക റോളില്ലാതെ സിവിലിയന്‍ ഭരണം, ഈജിപ്ഷ്യന്‍ ജനതയെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, സീനായ് യുദ്ധത്തിന് അന്ത്യം, എല്ലാവര്‍ക്കും മെച്ചപ്പെട്ട സ്വാതന്ത്ര്യവും സംരക്ഷണവും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സിസി രാജ്യത്തിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതായി പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ ഭരണഘടന സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത് അധികാരം പിടിച്ചെടുക്കുകയും ചെയ്തത്.
എന്നാല്‍, കഴിഞ്ഞ എട്ടു വര്‍ഷമായി ഈജിപ്തുകാര്‍ പൂര്‍ണ്ണമായ സൈനിക നിയന്ത്രണത്തിലുള്ളസര്‍ക്കാരിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും കീഴിലാണ് ജീവിക്കുന്നത്. സീനായിലെ അനന്തമായ യുദ്ധവും നാശവും ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിനും പൗരസമൂഹത്തിനുമെതിരായ അഭൂതപൂര്‍വമായ അടിച്ചമര്‍ത്തലുകള്‍ തകര്‍ന്നടിഞ്ഞ വാഗ്ദാനങ്ങളുടെ ഇരുണ്ട യാഥാര്‍ത്ഥ്യത്തെയാണ് അനാവരണം ചെയ്യുന്നത്.
കെയ്‌റോ അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രതിസന്ധികള്‍ക്കിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ പതനത്തെക്കുറിച്ച് ഇസ്രായേല്‍ രാഷ്ട്രീയ, സുരക്ഷാ വൃത്തങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് വ്യക്തമാക്കി ഒരു ഇസ്രായേലി പത്രവും മുന്നോട്ട് വന്നിരുന്നു.
'കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണകാലത്ത് സീസിയുടെ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയത് ഏറ്റവും കഠിനവും ഭയാനകവും വൃത്തികെട്ടതുമായ പ്രസംഗങ്ങളിലൊന്നായിരുന്നു'വെന്നാണ് പത്രപ്രവര്‍ത്തകനും അറബ് കാര്യങ്ങളില്‍ വിദഗ്ധനുമായ സ്മദര്‍ പെരി, യെദിയോത്ത് അഹറോനോത്തിന്റെ ഹീബ്രു സൈറ്റില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നത്.
റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നുമുള്ള ഗോതമ്പ് ഇറക്കുമതി നിര്‍ത്തലാക്കല്‍, ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച, കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചേക്കാവുന്ന കൊവിഡ് പ്രതിസന്ധിയില്‍നിന്ന് ഇപ്പോഴും കരകയറാനാവാത്ത വിനോദസഞ്ചാര മേഖല എന്നിവയുള്‍പ്പെടെയുള്ള രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലും അത് കടന്നുപോകുന്ന കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിലും ഈജിപ്തുകാരെ പങ്കാളികളാക്കാന്‍ അല്‍സിസി ആഗ്രഹിച്ചുവെന്നാണ് പെരി അഭിപ്രായപ്പെടുന്നത്.
അതിനിടെ, അല്‍സീസി ദശലക്ഷക്കണക്കിന് ഡോളര്‍ തെറ്റായ സ്ഥലങ്ങളില്‍ നിക്ഷേപിച്ചെന്നും അദ്ദേഹം ഒരു വഞ്ചകനും തന്റെ പദവി എങ്ങനെ മുതലാക്കണമെന്ന് അറിയാവുന്നവനും കൈക്കൂലിക്കാരനും ആണെന്ന് ആരോപിക്കുന്നവരും നിരവധിയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 'സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച്' അല്‍സിസി ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.