ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി കൊറോണ ബാധ; സമ്പര്‍ക്കം വഴി മാഹി സ്വദേശിക്കും രോഗം

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 45 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 27 പേരും 10469 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Update: 2020-04-07 15:25 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കണ്ണൂരില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനായ മാഹി സ്വദേശിക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 71കാരനായ ഇദ്ദേഹത്തിന് സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായതെന്നാണ് നിഗമനം.

മാര്‍ച്ച് 21ന് ബാംഗ്ലൂര്‍ വഴിയാണ് ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശിയായ 42കാരന്‍ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. പാട്യം മുതിയങ്ങ സ്വദേശിയായ 31കാരന്‍ മാര്‍ച്ച് 22ന് കരിപ്പൂര്‍ വഴി എത്തി. ഇരുവരും അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയില്‍ നിന്ന് സ്രവപരിശോധനയ്ക്കു വിധേയരായ ശേഷം ആശുപത്രി നിരീക്ഷണത്തിലാണ്. ഏപ്രിൽ ആറിന് സ്രവ പരിശോധനയ്ക്കു വിധേയനായ മാഹി സ്വദേശിയും ആശുപത്രി നിരീക്ഷണത്തിലാണിപ്പോള്‍.

ജില്ലയില്‍ നിലവില്‍ 10561 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 45 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 27 പേരും 10469 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 670 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 610 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 555 ഫലം നെഗറ്റീവാണ്. 60 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News