വയനാട്ടില്‍ 10 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
കഞ്ചാവ് വാങ്ങുന്നതിനുള്ള തുക നൽകുന്നതിൽ മനപൂർവം താമസം വരുത്തി തന്ത്രപരമായാണ് വാഹനങ്ങൾ പിടികൂടിയത്.
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ബീനാച്ചി പനമരം റോഡില്‍ വന്‍ കഞ്ചാവു വേട്ട. രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25),മുഹമ്മദ് ഷിബിലി ( 23) എന്നിവരെ അറസ്റ്റ് ചെയ്തു.
എക്‌സൈസിനെ കണ്ട് ഓടി പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ്,അടിവാരം സ്വദേശി പ്യാരി എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. എക്സൈസ് ഷാഡോ സംഘം ആവശ്യക്കാർ എന്ന നിലയിൽ ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. 2 കിലോയുടെ ഒരു പാർസൽ കഞ്ചാവിന് 50,000 തോതിൽ വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് താമരശ്ശേരി, അടിവാരം, കൽപറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്സൈസ് സംഘം കുടുക്കിയത്.
കഞ്ചാവ് വാങ്ങുന്നതിനുള്ള തുക നൽകുന്നതിൽ മനപൂർവം താമസം വരുത്തി തന്ത്രപരമായാണ് വാഹനങ്ങൾ പിടികൂടിയത്. എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ സംഘത്തിലെ രണ്ട് പേർ വാഹനം ഉപേക്ഷിച്ച് ഓടി പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചില്ലറ വിൽപന മാർക്കറ്റിൽ ഉദ്ദേശം 10 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. കേസിലെ ഓടി പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് എക്സെെസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.