മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂനിറ്റ് തകരാറില്‍; രോഗികള്‍ ദുരിതത്തില്‍
ഉത്തർപ്രദേശിലെ കമ്പനി നിര്‍മ്മിച്ച എക്സറേ യൂനിറ്റാണ് വാങ്ങിയത്. തകരാറിലായ എക്സറേ യൂനിറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ ടെക്നീഷ്യന്‍ ഉത്തർപ്രദേശില്‍ നിന്ന് തന്നെ വരണമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
മാള: കെ കരുണാകരന്‍ സ്മാരക മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂനിറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ രോഗികള്‍ ദുരിതത്തിലായി. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂനിറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസത്തോളമായി.
അറ്റകുറ്റപ്പണി നടത്തി എക്സറേ യൂനിറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹാക്കാനാണെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ശക്തമാകുകയാണ്. ഒരു വര്‍ഷം മുന്‍പാണ് മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പുതിയ എക്സറേ യൂനിറ്റ് സ്ഥാപിച്ചത്.
ഉത്തർപ്രദേശിലെ കമ്പനി നിര്‍മ്മിച്ച എക്സറേ യൂനിറ്റാണ് വാങ്ങിയത്. തകരാറിലായ എക്സറേ യൂനിറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ ടെക്നീഷ്യന്‍ ഉത്തർപ്രദേശില്‍ നിന്ന് തന്നെ വരണമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. കൊവിഡ് സാഹചര്യത്തില്‍ ടെക്നീഷ്യന്‍റെ വരവ് നീണ്ട് പോകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ എക്സറേ യൂനിറ്റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്രകാലമെടുക്കുമെന്ന വിഷയത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നില്ല.
മുമ്പ് ഇത് പോലെ മറ്റൊരു എക്സറേ യൂനിറ്റ് ഇവിടെ ഉപയോഗിക്കാതെ കിടന്ന് നശിച്ച് പോയിരുന്നു. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് പഴയ എക്സറേ യൂണിറ്റ് ഉപയോഗ ശൂന്യമായി പോയത് എന്ന റിപോര്‍ട്ട് പുറത്ത് വന്നിരുന്നു. സ്വകാര്യ എക്സറേ യൂനിറ്റുകളെയും സ്വകാര്യ ആശുപത്രികളെയും സഹായിക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ പഴയ എക്സറെ യൂനിറ്റ് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച പുതിയ എക്സറേ യൂനിറ്റിനും പഴയതിന്‍റെ ഗതി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുഴൂര്‍ പൊയ്യ, മാള ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള നൂറുകണക്കിന് രോഗികള്‍ നിത്യേന ചികിൽസ തേടിയെത്തുന്ന ഈ ആശുപത്രി മേഖലയിലെ സാധാരണക്കാരുടെ ആശാകേന്ദ്രമാണ്. എക്സറേ യൂനിറ്റ് പ്രവര്‍ത്തന രഹിതമായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
കൂടാതെ ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ അസ്ഥി രോഗ വിഭാഗം ഡോക്ടറും ഏറെ നാളുകളായി ഇല്ലാത്ത സാഹചര്യമാണുള്ളത്. തകരാറിലായ മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂനിറ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മാള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സെയ്തു മുഹമ്മദ് മാരേക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീര്‍ വടമ, വൈസ് പ്രസിഡന്‍റ് നജീബ് അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.