നാല് മാസത്തിനു ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് വിവരം പ്രസിദ്ധീകരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ വോട്ട് വിവരം നാല് മാസത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചില്ല. തുടക്കം മുതല്‍ കൃത്രിമം ആരോപിക്കപ്പെട്ടിരുന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ കണക്ക് കമ്മീഷന്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ദി ക്വിന്റ് വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഫലങ്ങളുടെ നേരെ ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത് 'താല്‍ക്കാലിക' വിവരങ്ങള്‍ എന്നാണ്. 2019 മെയ് 23ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ബിജെപി 303 സീറ്റുമായി വിജയികളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ ലക്ഷക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ട് വിവരങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നാണ് അന്നേ ദിവസം കമ്മീഷന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
സാധാരണ ഗതിയില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം റിട്ടേണിങ് ഓഫിസര്‍മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോള്‍ ചെയ്ത വോട്ടും ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടും വോട്ടിങ് യന്ത്രത്തിലെ വിവരങ്ങളുമായി ഒത്തുനോക്കുകയും തകരാറുകള്‍ ഇല്ലെന്ന് ബോധ്യമായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ 'താല്‍ക്കാലികം' എന്നത് മാറ്റി 'ആധികാരികം' എന്ന് രേഖപ്പെടുത്തുകയുമാണ് പതിവ്. എന്നാല്‍, 2019ലെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നാലു മാസത്തിനു ശേഷവും അത് സംഭവിച്ചിട്ടില്ല. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
വോട്ടുകള്‍ ആധികാരികമെന്ന് പ്രഖ്യാപിക്കുന്നത് ഇങ്ങനെ
ഓരോ മണ്ഡലത്തിലെയും വിശദമായ വോട്ട് വിവരങ്ങള്‍ അടങ്ങുന്ന ഇന്‍ഡകസ് കകാര്‍ഡ് റിട്ടേണിങ് ഓഫിസര്‍മാര്‍ തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്ന് 2019 ജൂണ്‍ 1ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ നടന്ന് 15 ദിവസത്തിനകം ഇത് സമര്‍പ്പിക്കണം. ഈ ഇന്‍ഡക്‌സ് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് ബോധ്യപ്പെടുകയും അന്തിമ ഫലം പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുക. ഇതു പ്രകാരം ജൂണ്‍ 10ന് അകം തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്‍ഡക്‌സ് കാര്‍ഡ് ലഭിച്ചിരിക്കണം. ആധികാരിക വിവരങ്ങള്‍ രണ്ടോ മൂന്നോ മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും ജൂണ്‍ 1ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, നാല് മാസം കഴിഞ്ഞിട്ടും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ദി ക്വിന്റ് ചൂണ്ടിക്കാട്ടുന്നു.
തെറ്റായ ചില വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തി
ജൂണ്‍ 1ന്റെ വാര്‍ത്താ കുറിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ തയ്യാറാക്കിയതായിരുന്നില്ല. 370 മണ്ഡലങ്ങളില്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലെ അന്തരം ചൂണ്ടിക്കാട്ടി മെയ് 31ന് ദി ക്വിന്റ് റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ വെബ്‌സൈറ്റിലുള്ള വിവരം താല്‍ക്കാലികം ആണെന്നും റിട്ടേണിങ് ഓഫിസര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് രണ്ടോ മൂന്നോ മാസത്തിനകം ആധികാരിക വിവരം പുറത്തുവിടുമെന്നും കമ്മീഷന്‍ അറിയിച്ചത്.
എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം ദുരൂഹ സാഹചര്യത്തില്‍ വോട്ടുകള്‍ തമ്മിലുള്ള അന്തരം അപ്രത്യക്ഷമായി. പകരം ചെയ്ത വോട്ടും എണ്ണിയ വോട്ടും തുല്യമാകുന്ന രീതിയിലുള്ള ഡാറ്റ പ്രത്യക്ഷപ്പെട്ടു. ആദ്യ വിവരങ്ങള്‍ താല്‍ക്കാലികമാണെങ്കില്‍ പുതുതായി എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തല്‍ വരുത്തിയത്, റിട്ടേണിങ് ഓഫിസര്‍മാര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുത്തിയതെങ്കില്‍ ഇപ്പോഴും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ താല്‍ക്കാലികമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത് കൊണ്ട് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചില്ലെന്നും ദി ക്വിന്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു.