ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്ട്‌സാപ്പില്‍ നുഴഞ്ഞുകയറി ഇസ്രായേല്‍ ചാര പ്രോഗ്രാം
ന്യൂഡല്‍ഹി: ഇസ്രായേലി ചാരപ്രവര്‍ത്തന പ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് വാട്ട്‌സാപ്പ്. ഇസ്രായേലിലെ എന്‍എസ്ഒ ഗ്രൂപ്പ് പെഗാസസ് ഉപയോഗിച്ച് 1,400 വാട്ട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരേ വാട്ട്‌സാപ്പ് അമേരിക്കന്‍ കോടതിയില്‍ ചൊവ്വാഴ്ച്ച കേസ് നല്‍കിയതായ റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ ആരുടെയൊക്കെ ഫോണുകളിലാണ് നുഴഞ്ഞുകയറിയതെന്നോ എത്രപേര്‍ ഇരകളാക്കപ്പെട്ടുവെന്നോ വ്യക്തമാക്കാന്‍ വാട്ട്‌സാപ്പ് തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരകളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വാട്ട്‌സാപ്പ് വ്യക്തമാക്കി.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവാകാശപ്രവര്‍ത്തകരും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവരുടെ വിവരങ്ങളോ എണ്ണമോ വെളിപ്പെടുത്താനാവില്ല. എണ്ണം അത്ര കൂടതലൊന്നുമില്ല എന്ന് മാത്രമേ പറയാനാവൂ-വാട്ട്‌സാപ്പ് വക്താവ് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് രണ്ട് ഡസനോളം സര്‍വകലാശാലാ അധ്യാപകര്‍, അഭിഭാഷകര്‍, ദലിത് ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ വാട്ട്‌സാപ്പ് ബന്ധപ്പെട്ടതായാണ് അറിയുന്നത്. 2019 മെയ് വരെ രണ്ടാഴ്ച്ച ഇവരുടെ ഫോണുകള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരമാണ് വാട്ട്‌സാപ്പ് നല്‍കിയിട്ടുള്ളത്.
പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ് ആദ്യം ചെയ്യുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ പെഗാസസ് പ്രോഗ്രാം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആവും. ഇതോട് കൂടി ഫോണ്‍ പൂര്‍ണമായും നിരീക്ഷകരുടെ നിയന്ത്രണത്തിലാവും. പാസ്‌വേര്‍ഡുകള്‍, കോണ്‍ടാക്ട് ലിസ്റ്റ്, കലണ്ടര്‍ ഇവന്റുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, മെസേജിങ് ആപ്പ് വഴിയുള്ള വോയിസ് കോളുകള്‍ എന്നിവ നിരീക്ഷകര്‍ക്ക് അയച്ചുകൊടുക്കും. ഫോണിന്റെ പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് കാമറയും മൈക്രോഫോണും വിദൂരത്ത് നിന്ന് ഓണ്‍ചെയ്യാനും പെഗാസസിന് സാധിക്കും.
വാട്ട്‌സാപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോള്‍ വരുന്നതോട് കൂടി പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ് ഏറ്റവും പുതിയ രീതി. ലിങ്ക് പോലും ക്ലിക്ക് ചെയ്യാതെ ഫോണിലേക്ക് നുഴഞ്ഞുകയറാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രീതിയില്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് എതിരേയാണ് വാട്ട്‌സാപ്പ് ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്.
എന്‍സ്ഒ ഗ്രൂപ്പ്, ക്യു സൈബര്‍ ടെക്‌നോളജീസ് എന്നിവയ്‌ക്കെതിരേയാണ് വാട്ട്‌സാപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. യുഎസ്, കാലഫോണിയ നിയമങ്ങളും വാട്ട്‌സാപ്പ് സേവന നിബന്ധനകളും ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്.
അതേ സമയം, പെഗാസസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ തങ്ങള്‍ വില്‍പ്പന നടത്താറുള്ളുവെന്ന് എന്‍എസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നു. ബഹ്‌റയ്ന്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ട്. ഇസ്രായേലില്‍ നിന്ന് ചാരപ്രോഗ്രാമുകള്‍ വാങ്ങി അതത് സര്‍ക്കാരുകളാണ് പൗരന്മാരെ നിരീക്ഷിക്കുന്നത് എന്നാണ് വ്യക്തമാവുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കാനഡയിലെ സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പായ സിറ്റീസന്‍ ലാബ് 2018 സ്പ്തംബറില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന സംശയത്തില്‍ അറബ് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സിറ്റീസന്‍ ലാബിനെ സമീപിച്ചത്.
ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് സൗദി അറേബ്യന്‍ അധികൃതര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശ്ഗ്ജിയെ നിരീക്ഷിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര പ്രോഗ്രാമാണ് ഉപയോഗിച്ചിരുന്നതെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു.
വാട്ട്‌സാപ്പില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആണ്. എന്നാല്‍, സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണം തന്നെ നിയന്ത്രണത്തിലാവുന്നതോട് കൂടി എന്‍ക്രിപ്ഷന്‍ കൊണ്ട് ഫലമില്ലാതാവുന്നു. ഇതാണ് പെഗാസസ് ചെയ്യുന്നത്.